Enter your Email Address to subscribe to our newsletters

Ernakulam , 05 ജൂലൈ (H.S.)
ആറ് കോടിയിലധികം രൂപയുടെ ഫണ്ടുള്ള, മമ്മൂട്ടിയും മോഹൻലാലും പോലെയുള്ള മഹാനടന്മാരുടെ സാന്നിധ്യം കൊണ്ട് മാത്രം സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്ന സംഘടനയിലേക്ക് അദാനിയുടെയും അംബാനിയുടെയും കോർപ്പറേറ്റ് പണം കൊണ്ടുവരുന്നതെന്തിനെന്ന് നടൻ മാലാ പാർവതി.സംഘടനയില് നിലവില് 'പവർ ഗ്രൂപ്പായി' മാറി ഭരണം കയ്യാളുന്നത് ശ്വേതാ മേനോനും അവരുടെ ഒപ്പമുള്ളവരുമാണ്.സ്ത്രീകള് തമ്മിലുള്ള ചേരിപ്പോരിലേക്ക് കാര്യങ്ങള് വഴിതിരിച്ചുവിട്ട് സംഘടനയുടെ യഥാർത്ഥ പ്രതിസന്ധികളെ മറയ്ക്കാനാണ് ഇപ്പോള് ശ്രമം നടക്കുന്നതെന്നും മാലാ പാർവതി കുറ്റപ്പെടുത്തി.
'ആറ് കോടിക്ക് മുകളില് പണമുള്ള ഒരു സംഘടനയാണ് 'അമ്മ'. മോഹൻലാലും മമ്മൂട്ടിയും എന്ന രണ്ട് പേരുകള് മാത്രം മതി ഈ സംഘടനയിലേക്ക് പൈസ കൊണ്ടുവരാൻ. അവിടേക്ക് അദാനിയുടെയും അംബാനിയുടെയും പൈസ കൊണ്ടുവരും എന്നാണ് പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. എന്നിട്ട് പറയുന്നു അതില് യാതൊരു തെറ്റുമില്ലെന്ന്. ആ പണം വരുന്നത് എന്ത് നടപ്പിലാക്കാനാണ്? പണമെടുത്ത് അവർ നല്ല കാര്യത്തിന് ഉപയോഗിക്കുമ്പോള് പോലും അവരുടെ അജണ്ട എന്താണ്? ഒരു പെണ്കുട്ടിയെ അവിടെ തീവ്രവാദിയാക്കി മുദ്രകുത്തുന്നുണ്ടോ എന്ന സംശയങ്ങള് ഞങ്ങള്ക്ക് ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. അതിലേക്കാണ് പല കാര്യങ്ങളും വിരല് ചൂണ്ടുന്നത്. അതിനെക്കുറിച്ച് ചോദ്യം ഉയർത്തുമ്പോള് 'പവർ ഗ്രൂപ്പ്' ആണ് എന്ന് മുദ്രകുത്തി, ഞങ്ങള് അശ്ലീലം പറഞ്ഞു, ഞങ്ങള് കയ്യേറ്റം ചെയ്തു എന്ന് വെറുതെ പറഞ്ഞാല് അംഗീകരിക്കാനാകുമോ?
കണക്ക് ചോദിക്കുകയെന്നത് ജനറല് ബോഡിയുടെ അവകാശമാണ്. അത് ഗൂഢാലോചനയാണ്, നിങ്ങള് ഞങ്ങളെ എതിർക്കാൻ പാടില്ല എന്ന് പറഞ്ഞ് പ്രമുഖരെ ഇറക്കി വഴക്കിട്ടാല് ഒന്നും പിന്മാറാൻ പോകുന്നില്ല. കാരണം ഞങ്ങള്ക്ക് കൃത്യമായ തെളിവുണ്ട്. ലക്ഷ്മിപ്രിയ പൊതുസമൂഹത്തിന് മുൻപില് ഒരു പ്രസ് കോണ്ഫറൻസ് നടത്തി പറഞ്ഞല്ലോ അൻസിബയുടെ പിന്നില് മതതീവ്രവാദികള് ഉണ്ടെന്ന്. അതും ഗൗരവമായി നമ്മള് എടുക്കേണ്ടതല്ലേ? പലപല ഗ്രൂപ്പുകളില് വിളിച്ച് ഈ കുട്ടി മതപരിവർത്തനം നടത്താൻ നോക്കി എന്ന് പറഞ്ഞിട്ടുള്ളവരില് ഒരാള് ഞാനാണ്. ഇങ്ങനെ ഒരു നറേറ്റീവ് ഉണ്ടാക്കിയത് എന്തിനുവേണ്ടിയാണ്?
ശ്വേത പറയുന്ന കാര്യങ്ങളെ പൂർണ്ണമായും വിലയ്ക്കെടുക്കാൻ പറ്റില്ല. മോഹൻലാലും മമ്മൂട്ടിയും ഞങ്ങള്ക്ക് ഞങ്ങളുടെ ശക്തി തന്നെയാണ്. അവരാണ് ഞങ്ങളുടെ ബലം. അവർ ഇവരുടെ സൈഡില് ആണെന്ന് പറഞ്ഞിട്ടില്ല, എന്നാല് അത് നിരാകരിച്ചിട്ടുമില്ല, അവർ എൻഡോഴ്സ് ചെയ്തിട്ടുമില്ല. അതുകൊണ്ട് നമുക്ക് അറിഞ്ഞുകൂടാ. പക്ഷേ ഇന്ന് അവർ പറയുന്നു പവർ ഗ്രൂപ്പ് ഇവർക്കെതിരാണെന്ന്.
ആരും ഉയർന്നുവരാൻ ഇല്ലാത്ത സമയത്ത് പവറായി എമർജ് ചെയ്ത ശ്രീമതി ശ്വേതാ മേനോന്റെ ഗ്രൂപ്പ് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന ഈ കാര്യങ്ങളെ ചോദ്യം ചെയ്യാൻ ശ്രമിച്ചത് പാവം അൻസിബ എന്നൊരു പെണ്കുട്ടിയാണ്. 34 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയാണത്. ആ കുട്ടി ശരിക്ക് വേണ്ടി, അഴിമതിക്കെതിരെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നപ്പോള് അവളെ ഒറ്റപ്പെടുത്താൻ നോക്കി. അതിലെ ശരി മനസ്സിലാക്കി ഞാൻ അവളുടെ സൈഡില് പോയി നിന്നു. ഞാൻ അവരുടെ കൂടെ ഫൈറ്റിന് ചേർന്നു.
ഇന്നലെ പറയുന്നു മോഹൻലാലും മമ്മൂട്ടിയും അവരുടെ കൂടെയാണെന്ന്. ഇന്ന് പറയുന്നു പവർ ഗ്രൂപ്പിനെതിരെയുള്ള ഫൈറ്റ് ആണെന്ന്. അംബാനിയുടെ ആയാലും അദാനിയുടേതായാലും അവിടെ പൈസ വരട്ടെ, അമ്മ സംഘടനയ്ക്ക് വേണ്ടി ഞാൻ പണം ഉണ്ടാക്കുമെന്നാണ് പറയുന്നത്. അവിടെ അമ്മ സംഘടനയ്ക്ക് വേണ്ടി പണത്തിന് ഒരു ലിമിറ്റുണ്ട്. 15 കോടിയൊന്നും അമ്മയ്ക്ക് വേണ്ട. അങ്ങനെ കൊണ്ടുവന്നാല് തന്നെ ഒരു ചാരിറ്റബിള് സൊസൈറ്റിക്ക് പണം വാങ്ങുന്നതിന് പോലും ലിമിറ്റേഷൻസ് ഉണ്ട്. എങ്ങനെ വരണം, എത്ര വരണം എന്നൊക്കെയുണ്ട്. അത് വെളിയില് നിന്ന് വന്നാല് ആ സംഘടനയില് ചെലവാക്കാൻ പറ്റില്ല.
കണക്ക് കാണിക്കാതെ കോടികള് വാങ്ങിക്കൂട്ടിയാല് അവസാനം ഈ സംഘടനയ്ക്ക് തന്നെ പ്രശ്നമാവില്ലേ? ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ അംഗങ്ങള്ക്കും പ്രശ്നമാവില്ലേ? ഒരു പ്രസിഡന്റിന് ചേർന്ന രീതിയിലല്ല അവർ സംസാരിച്ചുകൊണ്ടിരുന്നത്. ഐ ആം ദ പ്രസിഡന്റ് എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് സംസാരിക്കുന്നവരുടെ വായ അടപ്പിക്കാൻ നോക്കി. മൈക്കിന് ചുറ്റും വട്ടം പിടിച്ച് സംസാരിപ്പിക്കാതിരിക്കാൻ നോക്കി.
ഫോണ് സംഭാഷണം എന്തിനാണ് പുറത്തുവിട്ടതെന്ന് ഇപ്പോള് എനിക്ക് മനസ്സിലായി. കാരണം ഇവർ ഒരു മിനിറ്റ്സ് കോടതിയില് കൊടുക്കുന്നുണ്ട്. വണ് സൈഡഡ് ആയി, ബയസ്ഡ് ആയി അവരുടെ വശം മാത്രം പറഞ്ഞുകൊണ്ടുള്ള ഒരു മിനിറ്റ്സ്. അത് സാധൂകരിക്കാനുള്ള കൊറാബറേറ്റീവ് എവിഡൻസിന് (തുണയ്ക്കുന്ന തെളിവ്) വേണ്ടി, അന്ന് സ്ഥലത്തില്ലാത്ത രമേഷ് പിഷാരടിയുമായി സംസാരിച്ച് ഒരു റെക്കോർഡ് ഉണ്ടാക്കുകയായിരുന്നു. ഇത്രയും മാനിപുലേഷൻ ഒക്കെ നടക്കുമ്പോള് നമ്മള് അതിശയിക്കുകയാണ്.
ഐ ആം എ വുമണ് എന്ന് പറഞ്ഞ് ഷൗട്ട് ചെയ്തപ്പോഴേക്കും ഞാൻ പറഞ്ഞു, 'വുമണ് കാർഡ്' ഒന്നും ഇറക്കരുത്, കണക്ക് കാണിക്കണം എന്ന്. കുറെയധികം ആള്ക്കാർ പറഞ്ഞു. 21 ദിവസം മുൻപ് കണക്ക് തരാതിരിക്കുന്ന ഒരു ഭരണസമിതിയെ ഒഴിപ്പിക്കാൻ ജനറല് ബോഡിക്ക് അവകാശമുണ്ട്. മിനിറ്റ്സ് ബുക്കും തരാതെ, താക്കോലും തരാതെ, കണക്കും തരാതെ ഒളിച്ചിരിക്കുകയാണ്. അവർ മാത്രം ശരിയാവുകയും, അവർ മാത്രം പെണ്ണാവുകയും, അവർ മാത്രം സ്ത്രീപക്ഷം ആവുകയും, അൻസിബയെപ്പോലെ ഒരു വ്യക്തി ഒരു വിഡ്ഢിയാവുകയും, ഒരു സില്ലി ആയിട്ടുള്ള പെണ്കുട്ടിയാവുകയും, അവർ പറയുന്ന കാര്യത്തിന് വഴക്കുണ്ടാക്കുന്നവള് ആവുകയും ചെയ്യുന്നത് എങ്ങനെയാണ്? ഇവിടെ പവർ ഗ്രൂപ്പ് എന്ന് ഞാനിപ്പോള് വിശേഷിപ്പിക്കുന്നത് ശ്വേതയെയും അവരുടെ കൂടെ നില്ക്കുന്ന സംഘത്തെയുമാണ്.
ഈ ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തില് പറഞ്ഞ ആള്ക്കാർ ആരും പിക്ചറില് വരാൻ തയ്യാറല്ല. അവർ ഇതടുത്ത് തലയില് വെക്കാൻ തയ്യാറല്ല, ചെറുപ്പക്കാരടക്കം ആരും. അവർ ഇല്ലെങ്കില് ഈ സംഘടന വീഴും. പിന്നെ നമുക്ക് ശരണം അദാനി ഗ്രൂപ്പ് തന്നെയാണ്. അപ്പോള് അവരെ ഓടിച്ചുവിട്ടുകഴിഞ്ഞാല് പിന്നെ പണത്തിന് ഞാൻ കൊണ്ടുവന്ന സ്പോണ്സേഴ്സ് എന്ന് പറഞ്ഞ് അവിടെ ഇരിക്കാനാണെങ്കില്, ഞാൻ പറയുന്നു ഇവിടുത്തെ പ്രധാനപ്പെട്ട നടന്മാർ അടക്കം ഈ സംഘടനയില് നിന്ന് ഇറങ്ങിപ്പോകും. അത് സ്ത്രീകള് തമ്മിലുള്ള വഴക്കിനെത്തുടർന്നാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യും.'
---------------
Hindusthan Samachar / CHANDHU CHANDRASEKHAR