Enter your Email Address to subscribe to our newsletters

Wayanad , 05 ജൂലൈ (H.S.)
മൂന്ന് മക്കളെ കവർന്നെടുത്ത മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ ഇന്നും അനീഷിനും സയനയ്ക്കും മായാത്ത മുറിവാണ്. ആ ഓർമ്മകളെ നെഞ്ചോട് ചേർത്തുപിടിച്ചാണ് ഇരുവരും ടൗൺഷിപ്പിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. നഷ്ടങ്ങൾക്കിടയിലും ജീവിതം മുന്നോട്ടുപോകുമെന്ന പ്രതീക്ഷയുടെ മറ്റൊരു അധ്യായത്തിന് ഈ ഗൃഹപ്രവേശനം സാക്ഷിയായി.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട അനീഷും സയനയും പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമ്മകൾ ഹൃദയത്തോട് ചേർത്തുപിടിച്ചാണ് ദമ്പതികൾ പുതിയ ജീവിതത്തിന് തുടക്കമിട്ടത്. 'ത്രീ ബ്രദേഴ്സ് ഇൻ ആംസ്' എന്ന പേരാണ് അവർ വീടിന് നൽകിയിരിക്കുന്നത്.
നഷ്ടങ്ങൾക്കിടയിലും പുതിയ തുടക്കം
മുണ്ടക്കൈ–ചൂരൽമല ദുരന്തം അനീഷിൻ്റെയും സയനയുടെയും ജീവിതത്തിൽ നികത്താനാകാത്ത നഷ്ടമാണ് സമ്മാനിച്ചത്. ഉരുൾപൊട്ടലിൽ മൂന്ന് മക്കളായ ഇഷാൻ, ധ്യാൻ, നിവേദ് എന്നിവരെയാണ് ദമ്പതികൾക്ക് നഷ്ടമായത്. പുനരധിവാസ ടൗൺഷിപ്പിലെ ഒന്നാം സോണിലെ ജി ക്ലസ്റ്ററിലെ 79-ാം നമ്പർ വീട്ടിലാണ് ഇരുവരും ഇനി താമസമാക്കുന്നത്. പുതിയ വീട്ടിലും ഓർമ്മകളുടെ കാഠിന്യം പേറിയാണ് അവരുടെ തുടക്കം.
മൂന്ന് മക്കളുടെയും ഓർമ്മകൾ എന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹത്തിലാണ് വീടിന് 'ത്രീ ബ്രദേഴ്സ് ഇൻ ആംസ്' എന്ന പേര് നൽകിയത്. പുതിയ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ മുൻ റവന്യൂ മന്ത്രിയും എം.എൽ.എയുമായ കെ. രാജൻ പങ്കെടുത്തു. വീടിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ഓർമ്മച്ചിത്രങ്ങൾ കണ്ട അദ്ദേഹം ദമ്പതികളുമായി ഏറെ നേരം സംസാരിച്ചു. സംസാരം മാത്രമല്ലായിരുന്നു ആ വിട്ടിലെത്തിയ എം.എൽ.എ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമ്മയിലൂടെയും കടന്നുപോയി.
ഗൃഹപ്രവേശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം വീടിൻ്റെ ഓരോ ചുമരുകളിലും മൂലയിലും അവർ ജീവിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. വയനാട്ടിൽ 33 കുഞ്ഞുങ്ങളെ നഷ്ട്ടപ്പെട്ട മേപ്പാടി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യ്തതിനു ശേഷമാണ് അനീഷിൻ്റെയും സയനയുടെയും വീട്ടിലെക്ക് അദ്ദേഹം എത്തിയത്. ആ സ്കൂളിലാണ് ഇഷാനും ധ്യാനും നിവേദും പഠിച്ചത്. മേപ്പാടി സ്കൂളിൻ്റെ ചുമരുകളിലും ആ കുഞ്ഞുങ്ങളുടെ ഓർമ്മകൾക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓർമ്മകൾ ജീവിക്കുന്ന ചുവരുകൾ
പുതിയ വീട്ടിലെ ഡൈനിങ് ഹാളിൽ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത് മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ഇഷാൻ, ധ്യാൻ, നിവേദ് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം അപ്പൂപ്പൻ കൃഷ്ണൻ കുട്ടിയുടെയും അമ്മൂമ്മ രാജമ്മയുടെയും ചിത്രങ്ങളും ചുവരുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
എയർ ബ്രഷ് ആർട്ടിസ്റ്റുകളായ ജിഷ്ണുവും ആൽഫി വർഗീസും ചേർന്നാണ് ഈ ചിത്രങ്ങൾ ഒരുക്കിയത്. ഒരു വീടിൻ്റെ ചുവരുകൾ അലങ്കരിക്കുക മാത്രമല്ല, ഒരു കുടുംബത്തിൻ്റെ ഓർമ്മകളും സ്നേഹവും അതിലൂടെ അവർ പകർത്തിയിരിക്കുകയാണ്. നഷ്ടപ്പെട്ടവരുടെ സാന്നിധ്യം ഇന്നും ഈ വീട്ടിലുണ്ടെന്ന അനുഭവമാണ് ഓരോ ചിത്രവും സമ്മാനിക്കുന്നത്.
ഒരു വീട് ലഭിച്ചതുകൊണ്ട് നഷ്ടങ്ങളുടെ വേദന ഇല്ലാതാകില്ല. എന്നാൽ ആ ഓർമ്മകളെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് വീണ്ടും ജീവിതം പടുത്തുയർത്തുകയാണ് അനീഷും സയനയും. കണ്ണീരിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള ഈ യാത്ര, മുണ്ടക്കൈ–ചൂരൽമല ദുരന്തത്തെ അതിജീവിക്കുന്ന ഓരോ കുടുംബത്തിൻ്റെയും അതിജീവനത്തിൻ്റ കഥ കൂടിയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR