പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുപക്ഷ മുന്നണിയിലെ ഭിന്നത പരസ്യമാകുന്നു.
Kasaragod , 05 ജൂലൈ (H.S.) പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുപക്ഷ മുന്നണിയിലെ ഭിന്നത പരസ്യമാകുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ ശക്തമായ ഭാഷയിൽ രംഗത്തെ
OPPOSITION DEPUTY LEADER


Kasaragod , 05 ജൂലൈ (H.S.)

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുപക്ഷ മുന്നണിയിലെ ഭിന്നത പരസ്യമാകുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ ശക്തമായ ഭാഷയിൽ രംഗത്തെത്തി. വെറുതേ പറഞ്ഞോണ്ടിരിക്കുന്ന പാര്ട്ടിയല്ല സിപിഐ എന്നും സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്നും സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് സിപിഐ പിന്നോട്ടില്ലെന്നും കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സുനീര് വ്യക്തമാക്കി.

ഇത് അടഞ്ഞ അധ്യായമല്ല. ഇടതുപക്ഷ മുന്നണിക്കത്ത് ചര്ച്ച ചെയ്യണമെന്നാണ് സപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഏകപക്ഷീയമായി അടയ്ക്കേണ്ട വിഷയമല്ലെന്നാണ് ഇപ്പോഴും സിപിഐ നിലപാട്. രാജ്യത്തിൻ്റെ ഭരണഘടന പോലും ഭേദഗതി ചെയ്യാന് ആവശ്യമായ സാഹചര്യം ഉള്ളപ്പോള് കീഴ്വഴക്കത്തിന് എന്ത്പ്രസക്തിയാണുള്ളതെന്നും സുനീര് ചോദിച്ചു. കീഴ്വഴക്കങ്ങളൊക്കെ മാറിമാറി വരാനുള്ളതാണല്ലോ. അതുകൊണ്ട് കീഴ്വഴക്കം എല്ലാ കാലത്തും പിന്തുടരേണ്ട ഒന്നല്ല, അത് മാറേണ്ട സാഹചര്യമുണ്ടെന്നാണ് പാര്ട്ടി വിലയിരുത്തുന്നതെന്നും സുനീര് പറഞ്ഞു.

ഈ വിഷയത്തെക്കുറിച്ച് ചര്ച്ച ചെയ്യേണ്ടത് സിപിഎം ആണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതില് തിരുത്ത് വേണ്ടത് സിപിഐ ഇങ്ങനെ പറഞ്ഞോണ്ടേ ഇരിക്കും എന്നതിലാണ്. അങ്ങനെ പറഞ്ഞോണ്ടേ ഇരിക്കുന്ന പാര്ട്ടിയല്ല സിപിഐ. അങ്ങനെ സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില് ഇന്ന് ഈ അവസ്ഥ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടാകില്ലായിരുന്നുവെന്ന് അനുഭവം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. പിഎംശ്രീ വിഷയത്തില് ഉള്പ്പെടെ സിപിഐ നിലപാടാണല്ലോ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങന പല സമയങ്ങളിലും വ്യത്യസ്ത വിഷയങ്ങളില് വിരുദ്ധ അഭിപ്രായം പറയുമ്പോള് അതൊന്നും ചര്ച്ച ചെയ്യാനോ ഗൗരവത്തിലെടുക്കാനോ മുന്നണി തയാറായില്ല എന്നതുതന്നെയാണ് പ്രധാനപ്പെട്ട പ്രശ്നം. അതുതന്നെയാണ് പരാജയത്തില് നമ്മള് കാണുന്നത്.

നിലപാടില് മാറ്റം വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. അതുകൊണ്ട്തന്നെയാണ് ഉപനേതൃസ്ഥാനം സിപിഐക്ക് വേണമെന്ന് ആവശ്യപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണവും അതുതന്നെയാണ്. സിപിഐ പറഞ്ഞിരുന്ന കാര്യങ്ങളില് എന്തെങ്കിലും വസ്തുതയുണ്ടായിരുന്നോ എന്ന് സിപിഎം ചര്ച്ച ചെയ്യണം. ഈ വിഷയത്തില് മാത്രമല്ല കഴിഞ്ഞ കാലങ്ങളില് ഗവണ്മെന്റില് പങ്കാളികളാകുമ്പോഴും പല വിഷയങ്ങളിലും സിപിഐ സിപിഎം ചര്ച്ചകളിലും ഇടതുപക്ഷമുന്നണിക്കകത്തും സിപിഐ ഉയര്ത്തിക്കൊണ്ടുവന്ന വിഷയങ്ങളില് എന്തെങ്കിലും വസ്തുത ഉണ്ടായിരുന്നോ, അത് പരിശോധിക്കേണ്ടതായിരുന്നോ എന്ന് ഇപ്പോഴെങ്കിലും സിപിഎം പാര്ട്ടി ചര്ച്ച ചെയ്ത് ഒരഭിപ്രായത്തില് എത്തിച്ചേരണം. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം ആണ് വ്യക്തമാക്കേണ്ടതെന്നും സുനീര് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് ഒക്കെ കഴിഞ്ഞ കാര്യമാണെന്നും അതിനെക്കുറിച്ച് ആലോചിച്ച് നിങ്ങള് ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നുമായിരുന്നു ഇന്നലെ കണ്ണൂരില് നടത്തിയ വാര്ത്താസമ്മേളനത്തില് മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടി നല്കിയത്. സിപിഐ അതൊക്കെ പറഞ്ഞോണ്ടിരിക്കും. അതൊന്നും ആലോചിക്കേണ്ട കാര്യമില്ല. അതൊക്കെ കഴിഞ്ഞ കാര്യമാണ്. പിണറായി വിജയൻ്റെ ഈ പ്രസ്താവനയാണ് ഇപ്പോള് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.

സിപിഎം ഏകപക്ഷീയമായി പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ച് പാർലമെൻ്ററി പാർട്ടി യോഗങ്ങളിലും സഖ്യ യോഗങ്ങളിലും സിപിഐ പങ്കെടുക്കുന്നില്ല. മുന്നണി കൺവീനർ ചികിത്സയിലായതിനാലാണ് എൽഡിഎഫ് യോഗം ചേരാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പദവിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ സാധിക്കാത്തതും ഇതിന് കാരണമാണെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ തുടർന്നും സിപിഐ പങ്കെടുക്കില്ല. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാനാണ് പാർട്ടി തീരുമാനം എന്നാണ് അറിയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News