Enter your Email Address to subscribe to our newsletters

Pathanamthitta , 05 ജൂലൈ (H.S.)
സ്കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്. പത്തനംതിട്ട കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ കലക്ടറേറ്റ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും രോഗലക്ഷണമുള്ളതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പകർച്ചവ്യാധി ബോധവത്കരണ ദിനം ആചരിക്കും
രോഗാണു കുട്ടികളിലൂടെയാണ് വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച (ജൂലൈ 7) ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവത്കരണ ദിനം ആചരിക്കും. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം
പഴകിയ പൊറോട്ട കഴിച്ചതിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയ ഭക്ഷണം നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധി കൂടുതലായുള്ള കോന്നിയിലെ തേക്കുതോട്, തണ്ണിത്തോട് പ്രദേശങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. വനാതിർത്തിയിലെ പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. കിണറുകൾ ക്ലോറിനേഷൻ നടത്തും. ആശങ്ക അവസാനിക്കുന്നത് വരെ എല്ലാ ആഴ്ചയിലും ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം
ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ പകർച്ചവ്യാധിക്ക് എതിരായിട്ടുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടായിരുന്നു. വീണ്ടും ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒന്നുകൂടി പ്രവർത്തനങ്ങളുടെ പുരോഗതി അറിയുന്നതിന് വേണ്ടിയിട്ടാണ് വീണ്ടും അടിയന്തിരമായി ചർച്ച നടത്താൻ തീരുമാനിച്ചത്. പകർച്ചവ്യാധി പടരാതിരിക്കാൻ പ്രാധമികമായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിൽ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഊന്നൽ നൽകുകയും ശുചിത്വത്തിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുകയും ചെയ്യണം എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു
അതേസമയം, പത്തനംതിട്ട എഴിക്കാട് ഉന്നതിയിലെ ഷിഗെല്ല ബാധിച്ച് ചികിത്സയിൽ കഴിയുന്ന 10 വയസുകാരിക്ക് മികച്ച ചികിത്സ തന്നെയാണ് നൽകിപ്പോരുന്നത്. കടുത്ത ഛര്ദിയും പനിയുമായാണ് കുട്ടിയെ കഴിഞ്ഞ ദിവസം കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ലബാധയാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്ധിക്കുകയാണ്.
ആറ് പേര്ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് നാലും പാലക്കാട്, പത്തനംതിട്ട ജില്ലകളില് ഒന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂണ് മുതല് മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയില് വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR