Enter your Email Address to subscribe to our newsletters

Punalur , 05 ജൂലൈ (H.S.)
പുനലൂർ/കൊല്ലം: കൊല്ലം അച്ചൻകോവിലിലെ ആദിവാസി കുടുംബം അനുഭവിക്കുന്ന അതികഠിനമായ ദുരിതജീവിതത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ഉത്തരവിട്ടു. പ്രദേശത്തെ ആദിവാസി ഊരിലെത്തി കുടുംബത്തിന്റെ ദയനീയമായ അവസ്ഥ നേരിട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
മേഖലയിലെ ആദിവാസി കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവും കുഞ്ഞുങ്ങളുടെ മോശം ആരോഗ്യസ്ഥിതിയും നേരിട്ട് കണ്ടിട്ടും, അത് വകുപ്പിൽ യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന എസ്.ടി. (ST) പ്രൊമോട്ടറെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കിയതായി മന്ത്രി അറിയിച്ചു. ആദിവാസി ഊരുകളിലെ ക്ഷേമം നിരന്തരം നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിത്. ഇത്തരം വീഴ്ചകൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും, വകുപ്പ് മേധാവി എന്ന നിലയിൽ ഇത് തിരുത്താൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേവലം ഒരു താൽക്കാലിക ജീവനക്കാരിയെ മാത്രം ബലിയാടാക്കി പ്രശ്നം ഒതുക്കില്ലെന്നും, ഉന്നതതല അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദുരിതമനുഭവിക്കുന്ന ഈ ആദിവാസി കുടുംബത്തിന് അടിയന്തരമായി ഭക്ഷണസാധനങ്ങളും കിറ്റുകളും എത്തിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാക്കാൻ മെഡിക്കൽ സംഘത്തിന്റെ പ്രത്യേക നിരീക്ഷണവും ഉറപ്പാക്കും. സംസ്ഥാനത്ത് ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ സർക്കാർ അനുവദിക്കുന്നുണ്ടെങ്കിലും, അത് കൃത്യമായി താഴേത്തട്ടിലുള്ള അർഹരിലേക്ക് എത്തുന്നതിലെ പോരായ്മകൾ ഗൗരവത്തോടെ കണ്ടെത്തി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കുടുംബത്തിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽപ്പെട്ടതാണെങ്കിലും അവർക്ക് കൃത്യമായി റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി നിയമസഭയിൽ വെച്ച് ചർച്ച ചെയ്തിട്ടുണ്ട്. കാർഡുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിശോധിച്ചു മാറ്റും. അച്ചൻകോവിലിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ കർശനമായി പരിശോധിക്കും. ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണെന്നും, പാവപ്പെട്ടവരുടെ കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എ. തുളസി ആവർത്തിച്ചു വ്യക്തമാക്കി. ആദിവാസി ഊര് സന്ദർശിക്കുന്നതിന് മുന്നോടിയായി മന്ത്രി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും പ്രത്യേക ചർച്ച നടത്തിയിരുന്നു.
---------------
Hindusthan Samachar / Roshith K