കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കറ്റ് നിയമനം: അഹമ്മദ് കബീറിന് പിജി ബിരുദമില്ലെന്ന് ആക്ഷേപം; മുസ്ലിം ലീഗിനുള്ളിൽ ഭിന്നത രൂക്ഷം
Kozhikode, 05 ജൂലൈ (H.S.) കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കറ്റിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്നുള്ള പ്രതിനിധിയായി എം.എസ്.എഫ് നേതാവ് അഹമ്മദ് കബീറിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ കടുത്ത ഭിന്നതയും തർക്കവും ഉടലെടുക്കു
കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കറ്റ് നിയമനം: അഹമ്മദ് കബീറിന് പിജി ബിരുദമില്ലെന്ന് ആക്ഷേപം; മുസ്ലിം ലീഗിനുള്ളിൽ ഭിന്നത രൂക്ഷം


Kozhikode, 05 ജൂലൈ (H.S.)

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കറ്റിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്നുള്ള പ്രതിനിധിയായി എം.എസ്.എഫ് നേതാവ് അഹമ്മദ് കബീറിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ കടുത്ത ഭിന്നതയും തർക്കവും ഉടലെടുക്കുന്നു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുൻ എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ അഹമ്മദ് കബീറിന് സിൻഡിക്കറ്റ് അംഗമാകാൻ ആവശ്യമായ യോഗ്യതകളില്ലെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ഏതെങ്കിലും തരത്തിൽ സംഭാവന നൽകിയിട്ടുള്ള ആളുകളെയായിരിക്കണം സർക്കാരിന് നാമനിർദ്ദേശം ചെയ്യാവുന്ന ആറ് സിൻഡിക്കറ്റ് പ്രതിനിധികളായി നിശ്ചയിക്കേണ്ടതെന്നാണ് നിയമം. എന്നാൽ നിയമിതനായ അഹമ്മദ് കബീറിന് പിജി (ബിരുദാനന്തര ബിരുദം) പോലുമില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. മറ്റ് അംഗങ്ങളെല്ലാം അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരുമായിരിക്കെ, രാഷ്ട്രീയ സ്വാധീനം മാത്രം ഉപയോഗിച്ച് കബീറിനെ തിരുകിക്കയറ്റിയത് ചട്ട ലംഘനമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

ചന്ദ്രികയിൽ വാർത്ത വന്നപ്പോൾ ചിത്രം ഒഴിവാക്കി

ലീഗിന്റെ ഔദ്യോഗിക മുഖപത്രമായ 'ചന്ദ്രിക'യിൽ ഈ നിയമന വാർത്ത വന്ന രീതിയും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾക്ക് തെളിവായി മാറിയിട്ടുണ്ട്. സിൻഡിക്കറ്റ് നിയമനവുമായി ബന്ധപ്പെട്ട് മറ്റ് പത്രങ്ങളെല്ലാം നിയമിതരായവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി വാർത്ത നൽകിയപ്പോൾ, ചന്ദ്രിക അഹമ്മദ് കബീറിന്റെ ഫോട്ടോ മാത്രം ഒഴിവാക്കിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ പുകഞ്ഞുകൊണ്ടിരുന്ന തർക്കങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്. മന്ത്രി എൻ. ഷംസുദ്ദീൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഈ നിയമനത്തിൽ വിയോജിപ്പുണ്ടെന്നാണ് സൂചനകൾ.

ഇരട്ടത്താപ്പെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി

മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ പാർട്ടി തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി എം.എസ്.എഫ് ജില്ലാ കമ്മിറ്റികൾക്ക് നേരത്തെ തന്നെയുണ്ട്. ഇതിനെതിരെ കടുത്ത ഭാഷയിൽ എം.എസ്.എഫ് പ്രമേയം പാസ്സാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി മർദ്ദനമേൽക്കാനും ജയിലിൽ പോകാനും തല്ലുകൊള്ളാനും മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുകയും, പദവികൾ വരുമ്പോൾ നേതാക്കൾക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്ന് പ്രമേയത്തിൽ വിമർശനമുണ്ടായിരുന്നു.

എന്നാൽ ഈ വിവാദങ്ങളോട് പ്രതികരിച്ച എം.എസ്.എഫ് നേതാവ് പി.കെ നവാസ് എം.എൽ.എ, മുൻപ് ഇടതുപക്ഷ ഭരണകാലത്തും സമാനമായ രീതിയിൽ യോഗ്യതകളിൽ ഇളവ് നൽകി നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഈ നിയമനത്തെ തടസ്സപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് വിശദീകരിച്ചത്. എങ്കിലും, സർവ്വകലാശാലാ നിയമനങ്ങളിലും സ്റ്റാഫ് നിയമനങ്ങളിലും പാർട്ടി നേതൃത്വം കാണിക്കുന്ന ഏകപക്ഷീയമായ നിലപാടുകളിൽ അണികൾക്കിടയിലും യുവജന സംഘടനകൾക്കിടയിലും പ്രതിഷേധം ശക്തമായി തുടരുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News