കോറോഹെല്ത്ത് കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടല് നിയമവിരുദ്ധം: പുതിയ ലേബര് കോഡ് ലംഘിച്ചതായി നിയമവിദഗ്ധര്
cochi, 05 ജൂലൈ (H.S.) കൊച്ചി: യു.എസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മെഡിക്കൽ കോഡിംഗ് കമ്പനിയായ ''കോറോഹെല്ത്ത്'' (CorroHealth) കേരളത്തിലെ തങ്ങളുടെ ഓഫീസുകളിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടല് പൂർണ്ണമായും തെറ്റും നിയമവിരുദ്ധവുമാണെന്ന് നിയമവിദഗ്ധര് ചൂണ്ടിക
കോറോഹെല്ത്ത് കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടല് നിയമവിരുദ്ധം: പുതിയ ലേബര് കോഡ് ലംഘിച്ചതായി നിയമവിദഗ്ധര്


cochi, 05 ജൂലൈ (H.S.)

കൊച്ചി: യു.എസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മെഡിക്കൽ കോഡിംഗ് കമ്പനിയായ 'കോറോഹെല്ത്ത്' (CorroHealth) കേരളത്തിലെ തങ്ങളുടെ ഓഫീസുകളിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടല് പൂർണ്ണമായും തെറ്റും നിയമവിരുദ്ധവുമാണെന്ന് നിയമവിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പുകളുമില്ലാതെ കമ്പനി പെട്ടെന്ന് പിരിച്ചുവിട്ടത്. രാജ്യത്ത് നിലവിലുള്ള പുതിയ ലേബര് കോഡ് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കമ്പനിയുടെ ഈ നടപടിയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

സർക്കാർ അനുമതിയില്ലാതെ പിരിച്ചുവിടൽ സാധ്യമല്ല

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബര് കോഡ് അനുസരിച്ച്, ഒരു സ്ഥാപനത്തിൽ 300-ൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ അവരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് (Layoff) മുൻപായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെയോ തൊഴിൽ വകുപ്പിന്റെയോ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. എന്നാൽ, കോറോഹെൽത്ത് മാനേജ്മെന്റ് ഇത്തരത്തിലുള്ള യാതൊരുവിധ നിയമപരമായ അനുമതിയും തേടുകയോ സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ ചെയ്തിട്ടില്ല. നിയമപ്രകാരമുള്ള ഈ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കമ്പനി ഏകപക്ഷീയമായി എടുത്ത തീരുമാനം നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജീവനക്കാർക്ക് മുൻഗണന നൽകണം

പുതിയ ലേബർ ചട്ടങ്ങളിലെ മറ്റൊരു പ്രധാന വ്യവസ്ഥ പുനരധിവാസവുമായി ബന്ധപ്പെട്ടതാണ്. കമ്പനി ഒരു പ്രത്യേക യൂണിറ്റോ ഓഫീസോ അടച്ചുപൂട്ടുകയാണെങ്കിൽ പോലും:

-

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കമ്പനിക്ക് ഓഫീസുകളോ പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ, അവിടെയുള്ള ഒഴിവുകളിലേക്ക് ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആദ്യ മുൻഗണന നൽകണം.

-

ജീവനക്കാരെ പൂർണ്ണമായി ഒഴിവാക്കുന്നതിന് മുൻപ് മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റാനുള്ള (Transfer) സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്.

എന്നാൽ, കോറോഹെൽത്ത് കമ്പനി ഹൈദരാബാദ്, ഉത്തർപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ തങ്ങളുടെ ഓഫീസുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ നടത്താൻ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ ജീവനക്കാരെ മാത്രം കൂട്ടത്തോടെ തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനവും തൊഴിലാളി വിരുദ്ധതയുമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു.

ആശങ്കയോടെ ജീവനക്കാർ; സർക്കാർ ഇടപെടൽ

രാവിലെ ഓഫീസുകളിൽ ജോലിക്കെത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ടെന്ന വിവരം മെയിൽ വഴി ജീവനക്കാർ അറിയുന്നത്. മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്നാണ് കമ്പനിയുടെ വാദമെങ്കിലും മുൻപ് പിരിച്ചുവിട്ടവർക്ക് പോലും കൃത്യമായ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ, ഔദ്യോഗിക മുദ്രകൾ പോലുമില്ലാത്ത പേപ്പറുകൾ നൽകിയാണ് ഞങ്ങളെ പുറത്താക്കിയത്. നിലവിലെ തൊഴിൽ വിപണിയിൽ പെട്ടെന്നൊരു ജോലി കണ്ടെത്തുക എന്നത് അസാധ്യമാണ്. - ജോലി നഷ്ടപ്പെട്ട ഒരു ജീവനക്കാരൻ പറഞ്ഞു.

വിഷയം വിവാദമായതിനെ തുടർന്ന് ജനപ്രതിനിധികളും സംസ്ഥാന തൊഴിൽ വകുപ്പും അടിയന്തരമായി ഇടപെടുകയും തിങ്കളാഴ്ച (ജൂലൈ 6) തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ഉന്നതതല ഒത്തുതീർപ്പ് ചർച്ച നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ചർച്ചകൾ നടക്കുന്നത് വരെ പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ മാനേജ്മെന്റ് നിർബന്ധിതരായിട്ടുണ്ടെങ്കിലും, ജീവനക്കാരുടെ ഭാവി ഇപ്പോഴും ആശങ്കയിലാണ്. നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് തൊഴിലാളി യൂണിയനുകൾ.

---------------

Hindusthan Samachar / Roshith K


Latest News