കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: കേന്ദ്ര ലേബർ കോഡിനെ പഴിച്ച് സംസ്ഥാന സർക്കാർ; ഇടപെടുന്നതിൽ പരിമിതികളെന്ന് തൊഴിൽവകുപ്പ്
Thiruvananthapuram , 05 ജൂലൈ (H.S.) തിരുവനന്തപുരം: പ്രമുഖ ആരോഗ്യമേഖലാ കമ്പനിയായ കോറോ ഹെൽത്തിൽ (Corro Health) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: കേന്ദ്ര ലേബർ കോഡിനെ പഴിച്ച് സംസ്ഥാന സർക്കാർ; ഇടപെടുന്നതിൽ പരിമിതികളെന്ന് തൊഴിൽവകുപ്പ്


Thiruvananthapuram , 05 ജൂലൈ (H.S.)

തിരുവനന്തപുരം: പ്രമുഖ ആരോഗ്യമേഖലാ കമ്പനിയായ കോറോ ഹെൽത്തിൽ (Corro Health) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കാൻ തൊഴിൽവകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര ലേബർ കോഡ് നിലവിൽ വന്നതോടെ ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ കാര്യത്തിൽ ഇടപെടുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നാണ് തൊഴിൽവകുപ്പിന്റെ വിശദീകരണം.

തൊഴിൽദാതാവിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന കേന്ദ്ര ലേബർ കോഡ് മുൻനിർത്തിയാണ് കമ്പനി ഇപ്പോൾ നടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇതാണ് തൊഴിൽ രംഗത്ത് വലിയ രീതിയിലുള്ള ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരിക്കുന്നത്.

നിയമപ്രകാരം 300-ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നിന്ന് ആളുകളെ പിരിച്ചുവിടണമെങ്കിൽ ലേബർ കമ്മീഷണറുടെയോ സർക്കാരിന്റെയോ മുൻകൂർ അനുമതി ആവശ്യമാണ്. ഈ വ്യവസ്ഥ നിലനിൽക്കെ, കോറോ ഹെൽത്തിനെതിരെ നിയമപരമായ നടപടികളിലേക്ക് സർക്കാരിന് കടക്കാവുന്നതാണ്. എന്നാൽ, തങ്ങളുടെ നിയമന ഉത്തരവിൽ (Appointment Order) മുൻകൂർ ശമ്പളം നൽകി ജീവനക്കാരെ പിരിച്ചുവിടാമെന്ന വ്യവസ്ഥയുണ്ടെന്നാണ് കമ്പനി അധികൃതർ വാദിക്കുന്നത്. ഈ വാദത്തെക്കുറിച്ച് തൊഴിൽവകുപ്പ് ഇപ്പോൾ വിശദമായ പരിശോധന നടത്തിവരികയാണ്.

മുൻപ് വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ടെക്നോപാർക്കിൽ സമാനമായ രീതിയിൽ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടുകയും ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി പുതിയ ലേബർ കോഡ് നിലവിൽ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സർക്കാർ ലേബർ കോഡ് കൊണ്ടുവന്നപ്പോൾ തന്നെ ഇടതുപക്ഷ സർക്കാർ അതിനെ ശക്തമായി എതിർത്തിരുന്നതാണെന്ന് മുൻ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തിന് അനുയോജ്യമായ പ്രത്യേക ചട്ടങ്ങൾ നിർമ്മിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അത്തരം ചട്ടങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞിട്ടില്ല.

ഡൽഹിയിൽ നടന്ന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ഉൾപ്പെടെ കേരളം ഈ ലേബർ കോഡിനോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായും ശിവൻകുട്ടി ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക ചട്ടം രൂപീകരിച്ചാൽ പോലും അതിന് കേന്ദ്ര നിയമത്തെ മറികടക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിയമപരമായ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

എങ്കിലും കോറോ ഹെൽത്തിലെ ഈ കൂട്ടപ്പിരിച്ചുവിടൽ വരും ദിവസങ്ങളിൽ മറ്റ് ഐ.ടി, ബഹുരാഷ്ട്ര കമ്പനികൾക്കും മാതൃകയാകാൻ സാധ്യതയുള്ളതിനാൽ, അടിയന്തരമായി നിയമവിദഗ്ദ്ധരുമായി ആലോചിച്ച് പ്രത്യേക ചട്ടങ്ങൾക്ക് രൂപം നൽകാനാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. അല്ലാത്തപക്ഷം ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ തൊഴിൽ സുരക്ഷ വൻ ഭീഷണിയിലാകുമെന്ന ആശങ്ക ശക്തമാണ്.

---------------

Hindusthan Samachar / Roshith K


Latest News