Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ജൂലൈ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച എസ്എൻഡിപി മൈക്രോ ഫിനാൻസ് മുൻ കോർഡിനേറ്റർ കെ. കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്ന പ്രധാന ആവശ്യവുമായാണ് ഉഷാദേവി മന്ത്രിയെ സമീപിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടരും തങ്ങളെ ഇപ്പോഴും മാനസികമായി ഉപദ്രവിക്കുന്നതായി ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഉഷാദേവി, അദ്ദേഹത്തിന്റെ വാക്കുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതിക്കായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചു. കേസിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
മന്ത്രിയിൽ നിന്ന് ഉണ്ടായത് അനുകൂല സമീപനം
വലിയ തിരക്കുകൾക്കിടയിലും തങ്ങളെ കേൾക്കാൻ മന്ത്രി തയ്യാറായെന്നും കേസിന്റെ വിശദാംശങ്ങൾ അദ്ദേഹം അതീവ ശ്രദ്ധയോടെയാണ് കേട്ടതെന്നും ഉഷാദേവി വ്യക്തമാക്കി.
രമേശ് ചെന്നിത്തലയിൽ നിന്ന് വളരെ നല്ല സമീപനമാണ് ഉണ്ടായത്. പരാതി പൂർണ്ണമായി കേട്ട ശേഷം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. - ഉഷാദേവി പറഞ്ഞു.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് കൃത്യമായി പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. തുഷാർ വെള്ളാപ്പള്ളി തന്നെ നിരന്തരമായി ആക്ഷേപിക്കുകയാണെന്നും കഴിഞ്ഞ ആറു വർഷമായി ഈ പീഡനം തുടരുകയാണെന്നും അവർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കാമെന്ന് മന്ത്രി മറുപടി നൽകിയതായും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ചർച്ചകൾ മുറുകുന്നു
കെ. കെ. മഹേശന്റെ മരണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം വൈകുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം. സുധീരൻ ഈ വിഷയത്തിൽ രണ്ടുതവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടാകാത്തതിൽ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നാണ് സൂചനകൾ. ഇടത് മുന്നണിക്കൊപ്പം നിലയുറപ്പിച്ച വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാനാണോ അന്വേഷണം വൈകിപ്പിക്കുന്നത് എന്ന ചോദ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.
ഏതായായും, ആഭ്യന്തരമന്ത്രി നൽകിയ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച്, നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെ. കെ. മഹേശന്റെ കുടുംബത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K