ശ്രേഷ്ഠ പെർഫോമിംഗ് ആർട്സിന് എട്ട് വയസ്
Thiruvananthapuram , 05 ജൂലൈ (H.S.) ആയിരത്തോളം വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ സംഗീതവും നൃത്തവും ആയോധനകലയും പകർന്ന് മാതൃകയാവുകയാണ് ലതിൻ രാജും നിജയും. രാജ്യത്തെ ശ്രദ്ധേയ സമകാലീന നൃത്ത പ്രസ്ഥാനമായ സമുദ്ര പെർഫോമിംഗ് ആർട്സിൻ്റെ ഭാഗമായിരുന്ന ലതിൻ രാജ് ഇന്ത
MUSIC AND DANCE SCHOOLS KERALA


Thiruvananthapuram , 05 ജൂലൈ (H.S.)

ആയിരത്തോളം വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ സംഗീതവും നൃത്തവും ആയോധനകലയും പകർന്ന് മാതൃകയാവുകയാണ് ലതിൻ രാജും നിജയും. രാജ്യത്തെ ശ്രദ്ധേയ സമകാലീന നൃത്ത പ്രസ്ഥാനമായ സമുദ്ര പെർഫോമിംഗ് ആർട്സിൻ്റെ ഭാഗമായിരുന്ന ലതിൻ രാജ് ഇന്ത്യയിലും പത്തോളം വിദേശരാജ്യങ്ങളിലും ആയി നൂറോളം വേദികളില് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ്റെ സ്റ്റേജ് പ്രൊഡക്ഷനുകളിൽ പ്രധാനിയായിരുന്നു ലതിൻ.

2010 കോമൺവെൽത്ത് ഗെയിംസിൻ്റെ സമാപന സമ്മേളനത്തിലും, ഉറുമി ഗ്രാൻഡ് മാസ്റ്റർ, അരികിലൊരാൾ തുടങ്ങിയ മലയാള സിനിമകളുടെയും ഭാഗമായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ഗിരിജ ചന്ദ്രൻ്റെ ശിഷ്യ കൂടിയായ നിജയാണ് കലാമേഖലയിലും ജീവിതത്തിലും ലതിൻ രാജിനെ പിന്തുണയ്ക്കുന്നത്.

കലർപ്പില്ലാതെ കല ചൊല്ലി കൊടുക്കുക എന്ന ഉദ്ദേശ ശുദ്ധിയോട് കൂടിയാണ് എട്ടു വർഷങ്ങൾക്കു മുമ്പ് ലതിനും നിജയും ശ്രേഷ്ഠ പെർഫോമിംഗ് ആർട്സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. ഈ വർഷം നൂറിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും വഴിയിലേക്ക് കൈപിടിച്ചു കയറ്റാൻ ഇരുവർക്കും സാധിച്ചു. വാർഷികാഘോഷത്തിലെ അഭിമാനകരമായ നിമിഷങ്ങൾ കഴിഞ്ഞദിവസം അരങ്ങേറിയ ശ്രേഷ്ഠയുടെ എട്ടാം വർഷ ആഘോഷ പരിപാടികൾക്ക് മേന്മ കൂട്ടി. വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും വേദിയെ സമ്പന്നമാക്കി.

സമകാലീന ശാസ്ത്രീയ നൃത്തശാഖയെ പരിപോഷിപ്പിക്കുകയാണ് ലതിനും നിജയും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും തങ്ങളുടെതായ ശൈലിയിലുള്ള സമകാലീന നൃത്ത അവതരണങ്ങള് നടത്താനുള്ള ശ്രമത്തിലാണ് ഇരുവരും. പ്രശസ്ത നര്ത്തകി സിത്താര ബാലകൃഷ്ണനാണ് ലതിൻ്റെയും നിജയുടെയും എട്ടുവർഷത്തെ പരിശ്രമങ്ങൾക്ക് ആശംസയും അനുഗ്രഹവുമായി എത്തിയത്.

കലാ മേഖലയിലേക്ക് ചുവടുവയ്ക്കുന്ന നൂറോളം വിദ്യാർത്ഥികളോട് സിതാര ബാലകൃഷ്ണൻ സംവദിക്കുകയും കലാമേഖലയിൽ താൻ ഉയർന്നുവന്ന വഴികളെക്കുറിച്ച് വിശദീകരിച്ച് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും ചെയ്തു. സമുദ്ര പെർഫോമിംഗ് ആർട്സ് ഡയറക്ടേഴ്സ് ആയ മധു, സജീവ് എന്നിവർ ലതിൻ്റെയും നിജയുടെയും ശിഷ്യരെ പ്രോത്സാഹിപ്പിക്കാൻ വാർഷികാഘോഷത്തിൽ പങ്കുചേർന്നു.

ആയോധനകലയുടെ മഹത്വത്തെക്കുറിച്ച് പുതിയ തലമുറയോട് സംസാരിക്കാൻ ഡോക്ടർ ജയകുമാർ ഗുരുക്കൾ കുട്ടികൾക്ക് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം മുതൽ സ്കൂൾ കലോത്സവത്തിൽ കളരിപ്പയറ്റ് മത്സരയിനമായി കൊണ്ടുവരുന്നതിൽ ചുക്കാൻ പിടിച്ച വ്യക്തിത്വമാണ് ഡോക്ടർ ജയകുമാർ. ആധുനികകാലത്ത് വളർന്നുവരുന്ന തലമുറ ആയോധനകലകൾ പഠിച്ചിരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ശ്രേഷ്ഠയുടെ വാർഷിക സമ്മേളനത്തിൽ സംസാരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News