Enter your Email Address to subscribe to our newsletters

Kochi, 05 ജൂലൈ (H.S.)
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ (AMMA) നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിലും വിവാദങ്ങളിലും പുതിയ വെളിപ്പെടുത്തലുമായി നടി പ്രിയങ്ക അനൂപ്. സംഘടനയുടെ പ്രസിഡന്റായ ശ്വേത മേനോനെ ലക്ഷ്യമിട്ട് പൊതുയോഗത്തിൽ ബോധപൂർവ്വം ഒരു കെണി (ട്രാപ്പ്) ഒരുക്കുകയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയമായ നീക്കങ്ങൾക്കും അവിശ്വാസ പ്രമേയത്തിനും പിന്നിൽ കൃത്യമായ അജണ്ടയുണ്ടായിരുന്നുവെന്നാണ് പ്രിയങ്കയുടെ ആരോപണം.
ശ്വേത മേനോനും ഭരണസമിതിക്കുമെതിരെ ജനറൽ ബോഡിയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പല അംഗങ്ങളെയും നിർബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. സംഘടനയുടെ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചാണ് യോഗം മുന്നോട്ടുപോയത്. ആരോപണവിധേയരായ ഭരണസമിതിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനോ കൃത്യമായ മറുപടി പറയാനോ യോഗത്തിൽ ആവശ്യത്തിന് സമയം അനുവദിച്ചില്ല. ഒരു ഭരണസമിതിയെ ഇത്തരത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള മാന്യത കാണിക്കണമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട തർക്കങ്ങളിലും പ്രിയങ്ക നിലപാട് വ്യക്തമാക്കി. ഓഡിറ്റിംഗ് പൂർത്തിയാകാത്ത അല്ലെങ്കിൽ പൂർത്തീകരിക്കാത്ത കണക്കുകൾ ഒരിക്കലും ജനറൽ ബോഡിയിൽ പാസാക്കാൻ കഴിയില്ലെന്ന വസ്തുത യോഗത്തിൽ ആരും പറഞ്ഞിരുന്നില്ല. കണക്കുകൾ അവതരിപ്പിക്കുന്നതിനായി ഭരണസമിതിക്ക് കൂടുതൽ സമയം കൊടുത്തുകൂടേയെന്ന് നടൻ മോഹൻലാൽ യോഗത്തിൽ വെച്ച് പരസ്യമായി ചോദിച്ചിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തി. മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ സമയം അനുവദിക്കാമെന്ന നിലപാട് സ്വീകരിച്ചിട്ടും, അതിനൊന്നും കാത്തുനിൽക്കാതെ ശ്വേതയെയും ഭരണസമിതിയെയും വേട്ടയാടാൻ ചിലർ ധൃതികൂട്ടുകയായിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇതൊരു ആസൂത്രിത കെണിയായിരുന്നുവെന്ന് ഉറപ്പിക്കാമെന്ന് പ്രിയങ്ക വ്യക്തമാക്കി.
അതേസമയം, പ്രിയങ്കയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംഘടനയിലെ 'പവർ ഗ്രൂപ്പിന്' എതിരെ രൂക്ഷവിമർശനവുമായി ശ്വേത മേനോനും രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ ശക്തമായ ഈ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടുക അസാധ്യമാണെന്നും, 'അമ്മ'യുടെ പ്രസിഡന്റായി മത്സരിച്ച അന്നു മുതൽ തനിക്കെതിരെ നിരന്തരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ശ്വേത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ജനറൽ ബോഡി യോഗത്തിൽ തനിക്ക് നേരെ കയ്യാങ്കളിയും കടുത്ത അക്രമവും ഉണ്ടായതായും ശ്വേത ആരോപിച്ചു.
സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന ഫണ്ടുകളിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി പുറത്തുകൊണ്ടുവന്നതാണ് തനിക്കെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങൾക്ക് കാരണമെന്നും ശ്വേത വ്യക്തമാക്കി. ഇതിനുശേഷമാണ് തന്നെ വ്യക്തിപരമായി അപമാനിക്കാനും പദവിയിൽ നിന്ന് പുകച്ചുപുറത്തുചാടിക്കാനും ശ്രമം തുടങ്ങിയത്. ഒരു വശത്ത് അവിശ്വാസ പ്രമേയത്തിന്റെ പേരിൽ സമ്മർദ്ദവും മറുവശത്ത് പരസ്യമായ ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നതോടെ 'അമ്മ'യിലെ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമയുദ്ധങ്ങളിലേക്ക് വഴിമാറുമെന്നാണ് സൂചന.
---------------
Hindusthan Samachar / Roshith K