Enter your Email Address to subscribe to our newsletters

KOCHI, 06 ജൂലൈ (H.S.)
എറണാകുളം മഹാരാജാസ് കോളേജില് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില് പ്രതികളെ കുറ്റപത്രം വായിച്ച് കേള്പ്പിച്ചു. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികളെ കുറ്റപത്രം വായിച്ചുകേള്പ്പിച്ചത്. പോപ്പുലര് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്ത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷന്സ് കോടതിയില് ഹാജരായത്.
കുറ്റപത്രം വായിച്ച് കേട്ടതിന് പിന്നാലെ പ്രതികള് കുറ്റം നിഷേധിച്ചു. പോലീസ് തങ്ങള്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള് ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതികള് കോടതിയെ അറിയിച്ചു. കേസില് ആകെ 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷന് കോടതിയില് സമര്പ്പിച്ചിരിക്കുന്നത്.
മഹാരാജാസ് ക്യാമ്പസിനുള്ളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കത്തെ തുടര്ന്ന് അഭിമന്യു ക്രൂരമായി കുത്തേറ്റ് മരിച്ചത്. വന് രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസിലെ സുപ്രധാന കോടതി രേഖകള് കസ്റ്റഡിയില് നിന്ന് മുന്പ് കാണാതായത് വലിയ വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു. തുടര്ന്ന് കാണാതായ രേഖകള് പ്രോസിക്യൂഷന് വീണ്ടും തയ്യാറാക്കി നല്കിയ ശേഷമാണ് ഇപ്പോള് വിചാരണാ നടപടികളിലേക്ക് കടക്കാന് സാധിച്ചത്.
വര്ഷങ്ങള് കഴിഞ്ഞിട്ടും കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കള് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് കേസിന്റെ നടപടികള് ഒന്പത് മാസത്തിനുള്ളില് അടിയന്തരമായി പൂര്ത്തിയാക്കാന് ഹൈക്കോടതി സെഷന്സ് കോടതിക്ക് കര്ശന നിര്ദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് കേസില് വിചാരണ നടപടികള് വേഗത്തിലാക്കിയിരിക്കുന്നത്.
2018 ജൂലൈ 2-നാണ് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്ഷ കെമിസ്ട്രി വിദ്യാര്ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ടത്. ഇരുപതാം വയസിലാണ് രാഷ്ട്രീയ പകപോക്കലിന്റെ ഇരായായത്. വട്ടവടയിലെ ഒരു ആദിവാസി സമുദായത്തില് നിന്നാണ് അഭുമന്യു വന്നത്. മഹാരാജാസില് എത്തിയതോടെ രാഷ്ട്രീയത്തില് സജീവമായി.
ക്യാമ്പസില് പോസ്റ്റര് ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്ത്തകരും കാമ്പസ് ഫ്രണ്ട് പ്രവര്ത്തകരും തമ്മിലുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.
കോളേജിലെ ചുവരെഴുത്തുകള്ക്കായി ആദ്യം സ്ഥലം ബുക്ക് ചെയ്തത് എസ്എഫ്ഐ ആയിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തില് അഭിമന്യു 'വര്ഗീയത തുലയട്ടെ' എന്ന് മതിലില് എഴുതി. ഈ മുദ്രാവാക്യം ക്യാമ്പസിലെ കാമ്പസ് ഫ്രണ്ട് പ്രവര്ത്തകരെ പ്രകോപിതരാക്കി. ഇതോടെ ഉണ്ടായ വാക്കു തര്ക്കങ്ങള്ക്ക് ശേഷം കാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് എസ്ഡിപിഐ, പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്കൊപ്പം പുലര്ച്ചെ ക്യാമ്പസില് കടന്ന് കയറി ആക്രമണം നടത്തുക ആയിരുന്നു.
കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ സംഘം അഭിമന്യുവിനെ ആക്രമിച്ചു. ഒരാള് പിറകില് നിന്ന് പിടിക്കുകയും മറ്റൊരാള് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.സമാനമായ രീതിയില് ആക്രമിക്കപ്പെട്ട അര്ജുന് എന്ന 19 കാരനായ ഫിലോസഫി ബിരുദ വിദ്യാര്ത്ഥിക്കും സാരമായി പരിക്കേറ്റു
---------------
Hindusthan Samachar / Sreejith S