Enter your Email Address to subscribe to our newsletters

New delhi, 06 ജൂലൈ (H.S.)
കരൂരില് ടിവികെ നേതാവ് വിജയ് നടത്തിയ റാലിയില് ഉണ്ടായ ദുരന്തത്തില് ഡിഎംകെ ഹര്ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. മന്ത്രിമാര് സാക്ഷികളെ സ്വാധീനിച്ചു എന്നാരോപിച്ചാണ് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചത്. ഡിഎംകെ ഓര്ഗനൈസിങ് സെക്രട്ടറി ആര്എസ് ഭാരതിയെ പ്രതിനിധീകരിച്ച് മുതിര്ന്ന അഭിഭാഷകന് ഹുസേഫ അഹ്മദി, ജസ്റ്റിസ് അഹ്സാനുദ്ദീന് അമാനുള്ള, ജസ്റ്റിസ് ഷീല് നാഗു എന്നിവരാണ് ഹര്ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഡിഎംകെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി ഹര്ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി വിജയും മന്ത്രിമാരും സാക്ഷികളെ സജീവമായി സ്വാധീനിക്കാന് ശ്രമിക്കുന്നുണ്ട് എന്നാണ് ഹര്ജിയിലെ ആരോപണം. മന്ത്രി ആധവ് അര്ജുന, മറ്റ് പ്രതികള് എന്നിവര് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയില് പരസ്യമായി പരാമര്ശിക്കുന്നതില് നിന്നോ ഇരകളുടെ കുടുംബങ്ങളുമായി ഇടപഴകുന്നതില് നിന്നോ തടയണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവിനെ തുടര്ന്ന് പ്രത്യേക അന്വേഷണ സംഘത്തില് നിന്നും സിബിഐ കേസ് ഏറ്റെടുത്തിരുന്നു.നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണത്തെ തടസപ്പെടുത്തുന്ന നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആധവ് അര്ജുന നടത്തിയ പരസ്യ പ്രസ്താവനകള്ക്കെതിരെ പരാതി രജിസ്റ്റര് ചെയ്യാനും നടപടിയെടുക്കാനും സെന്ട്രല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനോട് നിര്ദ്ദേശിക്കണമെന്ന് അപേക്ഷയില് പറയുന്നു. സാക്ഷികളെ സ്വാധീനിക്കുക, നശിപ്പിക്കുക, അന്വേഷണത്തെ തടസപ്പെടുത്തുക എന്നീ കുറ്റങ്ങളും ഇതില് ഉള്പ്പെടുന്നു. ഇരകളുടെ കുടുംബങ്ങള്ക്ക് എക്സ് ഗ്രേഷ്യ സഹായം, ജോലി, ക്ഷേമ നടപടികള് എന്നിവ നല്കാന് സംസ്ഥാനത്തിന് അനുമതി നല്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
2025 സെപ്റ്റംബര് 27-ന് ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്. ഇരുപതിലേറെ പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. സംഭവത്തില് അന്വേഷണം നടത്താന് സുപ്രീം കോടതി സിബിഐയോട് 2025 ഒക്ടോബര് 13-ന് ഉത്തരവിട്ടിരുന്നു. പിന്നാലെ ഈ വര്ഷം ജനുവരിയില് വിജയിയെ സിബിഐ ചോദ്യം ചെയ്യലിന് വിധേയനാക്കി. രണ്ട് തവണയാണ് വിജയിയെ ചോദ്യം ചെയ്തത്. കേസില് നിലവില് സാക്ഷിപട്ടികയിലാണ് വിജയ്.
റാലി സംഘടിപ്പിച്ചതിലെ തീരുമാനങ്ങള്, വിജയ് എത്തുന്നതില് ഉണ്ടായ താമസം, മൈതാനത്ത് ബഹളം തുടരുമ്പോഴും പ്രസംഗം തുടരാനുണ്ടായ സാഹചര്യം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള് സിബിഐ വിജയിക്ക് മുന്നില് വച്ചുവെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
---------------
Hindusthan Samachar / Sreejith S