Enter your Email Address to subscribe to our newsletters

Kochi, 06 ജൂലൈ (H.S.)
അയോഗ്യതാ ഭീഷണി നിലനില്ക്കുന്നതിനാല് ജാമ്യത്തിനായി എല്ലാ ശ്രമവും നടത്തിയ കാപ്പ കേസില് അറസ്റ്റിലായ തിരുവനന്തപുരം കോര്പറേഷനിലെ ബിജെപി കൗണ്സിലര് ആര്.സുഗതന്. ജാമ്യത്തിനായി സുഗതന് ഹൈക്കോടതിയെ സമീപിച്ചു. കാപ്പ ഉപദേശക സമിതിയില് സമര്പ്പിച്ച ജാമ്യാപേക്ഷയില് തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് അടുത്തനീക്കം. ഹൈക്കോടതി തീരുമാനം ബിജെപിക്ക് ഏറെ നിര്ണ്ണായകമാണ്.
ചട്ടപ്രകാരം സത്യപ്രതിജ്ഞ നടത്താതിരുന്നതിന് സുഗതന് ഉള്പ്പെടെയുള്ള 20 ബിജെപി കൗണ്സിലര്മാരെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഈ മാസം 24ന് അകംവീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് മറ്റ് 19 കൗണ്സിലര്മാര് ത്യപ്രതിജ്ഞ ചെയ്തു. എന്നാല് ജയിലിലായതിനാല് സുഗതന് ഇതിന് കഴിഞ്ഞില്ല. അതിവേഗം സത്യപ്രതിജ്ഝ ചെയ്തില്ലെങ്കില് കൗണ്സിലര് സ്ഥാനം നഷ്ടമാകും. നഗരസഭയില് ബിജെപിയുടെ കേവലഭൂരിപക്ഷവും അതോടെ പ്രതിസന്ധിയിലാകും. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാപ്പ കേസ് ചുമത്തി റിമാന്ഡില് കഴിയുന്ന സുഗതന്റെ ജാമ്യ ഹര്ജിയില് ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്. ഇതനുസരിച്ച് 2 ആഴ്ച മുന്പ് സമര്പ്പിച്ച ഹര്ജിയില് കഴിഞ്ഞമാസം 29ന് ഉപദേശക സമിതി വാദം കേട്ടിരുന്നു. എന്നാല്, ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് രാഷ്ട്രീയ നിയമനം നേടിയവരാണ് കാപ്പ ഉപദേശക സമിതിയിലെ അംഗങ്ങള്. സമിതിയില്നിന്ന് സുഗതന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്.
ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സത്യപ്രതിജ്ഞ ചെയ്യാന് അവസരമൊരുക്കണമെന്ന അപേക്ഷയുമായാകും സുഗതന് ഹൈക്കോടതിയെ സമീപിക്കുക. കാപ്പ കേസില് ജാമ്യം ലഭിച്ചില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്കായി ഏതാനും ദിവസം പരോള് അനുവദിച്ചേക്കുമെന്നാണ് പാര്ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്.
സുഗതന്റെ 2 ജാമ്യാപേക്ഷകളും നെടുമങ്ങാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (2) തള്ളിയിരുന്നു. മാര്ച്ചില് വട്ടിയൂര്ക്കാവ് വെള്ളക്കടവ് ജംക്ഷനില് വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസില് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്.
വട്ടിയൂര്ക്കാവ് സ്റ്റേഷനില് 11 കേസും നെടുമങ്ങാട് സ്റ്റേഷനില് ഒരു കേസുമാണ് സുഗതനെതിരെ റജിസ്റ്റര് ചെയ്തിരിക്കുന്നത്. 6 വധശ്രമക്കേസുകള്, ഭീഷണിപ്പെടുത്തല്, വഴിതടയല്, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകര്ക്കല്, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്, തട്ടിക്കൊണ്ടു പോകല്, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേല്പിക്കല് തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ഉള്ളത്. കാപ്പ കേസില് പ്രതിയായിരുന്ന സുഗതന് 2025ല് കര്ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടര്ന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിച്ചു വിജയിച്ചത്
---------------
Hindusthan Samachar / Sreejith S