Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജൂലൈ (H.S.)
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നതായുള്ള ആക്ഷേപങ്ങൾ അന്വേഷിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാദ്ധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ.മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്.
കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത് , വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം.
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന പർച്ചേസുകളെ കുറിച്ച് വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഉത്തരവാദികളെ കൃത്യമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ പ്രകാരം വാങ്ങിയതും കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങളെ കുറിച്ചും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
---------------
Hindusthan Samachar / Sreejith S