Enter your Email Address to subscribe to our newsletters

Kochi, 06 ജൂലൈ (H.S.)
അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്ത് ജീവനക്കാരെ പിരിച്ചുവിട്ടതില്‍ തുടര്‍ നടപടികള്‍ തുങ്ങി. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടല്‍ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഈ ധാരണയില്‍ നിന്നാണ് കോറോ ഹെല്‍ത്ത് പിന്മാറിയത്.
ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് കേരളത്തിലെ ഓഫീസുകള്‍ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്മെന്റ് അറിയിക്കുകയുമായിരുന്നു. കമ്പനി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് മുതല്‍ രണ്ടര മാസത്തെ ശമ്പളം 'നഷ്ടപരിഹാരം' എന്ന പേരില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയില്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് നഷ്ടപ്പെടുമെന്ന നിബന്ധനയോടെയാണ് ഈ തുക നല്‍കിയിരിക്കുന്നത്.
ആശങ്കയിലായ ജീവനക്കാര്‍ വിവരം എംഎല്‍എ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ഇടപെട്ടത്. പിന്നാലെ തുടര്‍ചര്‍ച്ചകള്‍ക്കായി പിരിച്ചുവിടല്‍ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു പോലും കമ്പിനി അധികൃതര്‍ തയാറായിട്ടില്ല.
ജീവനക്കാര്‍ക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസില്‍ എത്തിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്‍കൂട്ടി അറിയിപ്പും നല്‍കാതെ വെള്ളിയാഴ്ച പിരിച്ചുവിട്ടത്. സംസ്ഥാന തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ലേബര്‍ സെക്രട്ടറി തലത്തില്‍ തിങ്കളാഴ്ച കമ്പനി പ്രതിനിധികളും ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ നല്‍കിയ ഉറപ്പിന് വിപരീതമായ കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്.
തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തിലും ആ നിലപാട് തന്നെയാണ് സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും ഉള്ളതെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 800 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിനെ രാഷ്ട്രീയമായി കണ്ടുകൊണ്ടുള്ള പല പ്രസ്താവനകളും പല നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി, അത് ശരിയല്ല. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയനേട്ടം അല്ല നേതാക്കള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. ഒറ്റക്കെട്ടായി അവരെ ചേര്‍ത്തു നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. നോക്കുകുത്തി ആയിരുന്ന സമീപനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കും. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S