എംവി ഗോവിന്ദന് വര്ഗവഞ്ചകന്; രാജിവെക്കണം; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമര്ശനവുമായി ജി. സുധാകരന്
Alappuzha, 06 ജൂലൈ (H.S.) സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വര്‍ഗവഞ്ചകന്‍ എന്ന് വിശേഷിപ്പിച്ച് ജി സുധാകരന്‍. ഗോവിന്ദന്‍ ഒരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണ് നടത്തുന്നത്. സിപിഎം എന്ന പാര്‍ട്ടി നശിച്ചാലും ഒന്നുമില്ല എന്ന നില
G Sudhakaran


Alappuzha, 06 ജൂലൈ (H.S.)

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വര്‍ഗവഞ്ചകന്‍ എന്ന് വിശേഷിപ്പിച്ച് ജി സുധാകരന്‍. ഗോവിന്ദന്‍ ഒരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണ് നടത്തുന്നത്. സിപിഎം എന്ന പാര്‍ട്ടി നശിച്ചാലും ഒന്നുമില്ല എന്ന നിലപാടിലാണ് ഗോവിന്ദന്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം അടിയന്തരമായി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സ്വന്തം വര്‍ഗത്തെ പരാജയപ്പെടുത്തിക്കൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വ ശക്തികള്‍ക്കും ബൂര്‍ഷ്വാ വര്‍ഗത്തിനും സന്തോഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ഥ വര്‍ഗവഞ്ചന. പാര്‍ട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗോവിന്ദന്‍. ഇന്ന് കേരളത്തില്‍ പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം ഗോവിന്ദനല്ലാതെ മറ്റാരുമല്ലെന്നും സുധാകരന്‍ ആരോപിച്ചു.

സ്വന്തം ജില്ലയായ കണ്ണൂരില്‍ അഞ്ച് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ല. ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും സ്ഥാനമൊഴിയാന്‍ തയ്യാറാകാത്ത ഗോവിന്ദന്‍ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും സിധാകരന്‍ ആവശ്യപ്പെട്ടു.

താന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതില്‍ മറ്റ് രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതല്ല. പാര്‍ട്ടി ഭരണഘടനയില്‍ തന്നെ ഒരു മെമ്പര്‍ക്ക് മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെക്കുന്നതെങ്കില്‍ അത് പാര്‍ട്ടി അംഗീകരിക്കില്ല. പുറത്താക്കുകയുമാണ് ചെയ്യുക. എന്നാല്‍ താന്‍ സ്വയം മാറി നിന്നതാണ്. മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന കാര്യം താന്‍ ബ്രാഞ്ചില്‍ പോയി പറഞ്ഞു. അവര്‍ അത് അംഗീകരിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്ന തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കുന്നത് തെറ്റാണ്. താന്‍ ഇപ്പോള്‍ സ്വതന്ത്രനാണെന്നും എല്‍.ഡി.എഫിലോ യു.ഡി.എഫിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ താന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം എം.വി ഗോവിന്ദനെ കണക്കറ്റ് വിമര്‍ശിച്ചെങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അതേപോലെ കാണാന്‍ സുധാകരന്‍ തയ്യാറായില്ല. പിണറായി വിജയന്‍ കേരളത്തിലെ പവര്‍ഫുള്‍ ആയ രാഷ്ട്രീയ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരുത്തിന് ഇപ്പോഴും കുറവൊന്നുമില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. മുന്‍പ് പിണറായി വിജയനെ സംരക്ഷിക്കാന്‍ താനും ശ്രീമതി ടീച്ചറും ഇ.പി. ജയരാജനും ഉള്‍പ്പെടെയുള്ള ഒരു നിര തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും, പകരം കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

പിണറായി വിജയന്റെ കുടുംബത്തെക്കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അക്കാര്യത്തില്‍ മാധ്യമങ്ങളില്‍ വന്നത് കള്ള റിപ്പോര്‍ട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ നിലവിലെ നിലപാടുകളില്‍ ബോധ്യമില്ലാത്തതിനാല്‍ രാഷ്ട്രീയമായി വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും തന്നോടുള്ള സ്നേഹത്തെക്കുറിച്ചും തനിക്ക് നല്ല ഓര്‍മ്മയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News