സി.ഐ.ടി.യു നേതാവായ ടാക്സി ഡ്രൈവറെ കൈവിട്ട് സി.പി.എം: വാഗ്ദാനങ്ങൾ ജലരേഖയായി, ശ്യാംരാജ് ജീവിക്കാൻ പെയിന്റിങ് പണിയിൽ
Thiruvananthapuram , 06 ജൂലൈ (H.S.) തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങളേക്കാൾ പലപ്പോഴും പാർട്ടികളെ പ്രതിരോധത്തിലാക്കുന്നത് സാധാരണക്കാരായ മനുഷ്യരുടെ ചോദ്യങ്ങളാണ്. തിരുവനന്തപുരത്ത് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുമായി വന്ന ടാക്സി വാഹനത്
സി.ഐ.ടി.യു നേതാവായ ടാക്സി ഡ്രൈവറെ കൈവിട്ട് സി.പി.എം: വാഗ്ദാനങ്ങൾ ജലരേഖയായി, ശ്യാംരാജ് ജീവിക്കാൻ പെയിന്റിങ് പണിയിൽ


Thiruvananthapuram , 06 ജൂലൈ (H.S.)

തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങളേക്കാൾ പലപ്പോഴും പാർട്ടികളെ പ്രതിരോധത്തിലാക്കുന്നത് സാധാരണക്കാരായ മനുഷ്യരുടെ ചോദ്യങ്ങളാണ്. തിരുവനന്തപുരത്ത് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുമായി വന്ന ടാക്സി വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം ഉയർന്നുവന്ന ഒരു ചോദ്യം സി.പി.എമ്മിനെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ടാക്സി ഡ്രൈവർ ആർ. ശ്യാംരാജിന്റെ പ്രതികരണമായിരുന്നു അത്.

ഇ.ഡി ഉദ്യോഗസ്ഥരെ ഓട്ടത്തിന് വിളിച്ചതുകൊണ്ട് വണ്ടി ഓടിച്ച താനും തന്റെ ടാക്സിയും എന്ത് പിഴച്ചു? എന്ന ശ്യാംരാജിന്റെ ലളിതവും എന്നാൽ മൂർച്ചയേറിയതുമായ ചോദ്യം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കാരണം ശ്യാംരാജ് വെറുമൊരു സാധാരണ ടാക്സി ഡ്രൈവർ മാത്രമല്ല, സംഗീത കോളേജിനോട് ചേർന്നുള്ള ടാക്സി സ്റ്റാൻഡിലെ സി.ഐ.ടി.യു (CITU) ഓട്ടോ ടാക്സി യൂണിയന്റെ പ്രസിഡന്റ് കൂടിയാണ്. സ്വന്തം അണിയുടെ വാഹനത്തിന് നേരെ പാർട്ടി പ്രവർത്തകർ തന്നെ അക്രമം അഴിച്ചുവിട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.

എ.എ. റഹീമിന്റെ വാഗ്ദാനവും സി.പി.എമ്മിന്റെ പിന്മാറ്റവും

ശ്യാംരാജിന്റെ വൈകാരികമായ പ്രതികരണം പൊതുസമൂഹത്തിലും മാധ്യമങ്ങളിലും വൻ ചർച്ചയായതോടെ പ്രതിരോധത്തിലായ സി.പി.എം നേതൃത്വം അന്ന് തടിതപ്പാൻ ഒരു വഴി കണ്ടെത്തിയിരുന്നു. ശ്യാംരാജിന്റെ തകർന്ന വാഹനം നന്നാക്കാനുള്ള പൂർണ്ണമായ സാമ്പത്തിക സഹായം പാർട്ടി നൽകുമെന്ന് അന്നത്തെ സി.പി.എം ആക്ടിങ് ജില്ലാ സെക്രട്ടറിയും എം.പിയുമായ എ.എ. റഹീം പരസ്യമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടെയാണ് പാർട്ടിക്കെതിരെ ഉയർന്നുവന്ന ജനരോഷത്തിന്റെ ആക്കം കുറഞ്ഞത്.

എന്നാൽ, സംഭവം നടന്ന് ഒന്നര മാസം പിന്നിടുമ്പോൾ എ.എ. റഹീമും സി.പി.എം നേതൃത്വവും നൽകിയ വാക്ക് പാടേ മറന്ന മട്ടാണ്. ആക്രമണത്തിൽ തകർന്ന ശ്യാംരാജിന്റെ ടാക്സി വാഹനം ഇന്നും വർക്ക്ഷോപ്പിൽ തന്നെയാണ് കിടക്കുന്നത്. വാഹനം നന്നാക്കി നിരത്തിലിറക്കാൻ ആവശ്യമായ പണമോ സഹായമോ പാർട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ ലഭ്യമായിട്ടില്ല. പൊതുമധ്യത്തിൽ നൽകിയ ഉറപ്പുകൾ വെറും വാചകക്കസർത്തുകൾ മാത്രമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

കുടുംബം പോറ്റാൻ പെയിന്റിങ് പണിക്ക് ഇറങ്ങി സഖാവ്

തന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ടാക്സി കാർ വർക്ക്ഷോപ്പിൽ കിടപ്പിലായതോടെ ശ്യാംരാജിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒടുവിൽ കുടുംബം പട്ടിണിയിലാകാതിരിക്കാൻ മറ്റ് വഴികളില്ലാതെ ശ്യാംരാജ് ഇപ്പോൾ കൂലിപ്പണിക്ക് ഇറങ്ങിയിരിക്കുകയാണ്. ചില ദിവസങ്ങളിൽ മറ്റ് വണ്ടികൾ കൂലിക്ക് ഓടിക്കാൻ പോകും, വണ്ടിയില്ലാത്ത ദിവസങ്ങളിൽ പെയിന്റിങ് പണിക്ക് പോകും. ഇതാണ് നിലവിൽ ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം.

താൻ വിശ്വസിച്ച പ്രസ്ഥാനം തന്നെ കൈവിട്ടതിന്റെ നിരാശയിലാണ് ഈ തൊഴിലാളി നേതാവ്. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ പാർട്ടി നേതാക്കൾ നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഒടുവിൽ പെരുവഴിയിലാകുന്നത് സാധാരണക്കാരായ തൊഴിലാളികളാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ശ്യാംരാജിന്റെ ജീവിതം. ഈ വിഷയത്തിൽ സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരാനാണ് സാധ്യത.

---------------

Hindusthan Samachar / Roshith K


Latest News