Enter your Email Address to subscribe to our newsletters

Palakkad, 06 ജൂലൈ (H.S.)
ഡിവിഷൻ നിർത്തലാക്കുന്നതിന്റെ പേരിൽ പാലക്കാട് ഹേമാംബിക സംസ്കൃതം ഹൈസ്കൂളിലെ എസ്.ടി വിഭാഗത്തിൽപ്പെട്ട ഏക ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയുടെ അടിയന്തര ഇടപെടൽ.കുട്ടിയുടെ താൽപര്യം പരിഗണിച്ച്, നിലവിൽ പഠിക്കുന്ന ഹേമാംബിക സംസ്കൃതം ഹൈസ്കൂളിൽ തന്നെ ഒൻപതാം ക്ലാസിൽ പഠനം തുടരാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥിയുമായും, സ്കൂൾ അധികൃതരുമായും കൂടിക്കാഴ്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലെ ഹേമാംബിക സംസ്കൃതം ഹൈസ്കൂളിലാണ് വിവാദത്തിന് ഇടയായ സംഭവം നടന്നത്. മാനസിക സമ്മർദ്ദത്തിന്റെ പേരിൽ സ്കൂൾ വിടാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിയും രക്ഷിതാക്കളും അറിയിച്ചതിനെ തുടർന്നാണ് മന്ത്രി നേരിട്ടെത്തി പ്രശ്ന പരിഹാരം നടത്തിയത്.
സ്കൂളിൽ നിലവിൽ മൂന്ന് ഡിവിഷനുകളാണ് ഉള്ളത് . സ്കൂൾ ഹെഡ്മിസ്ട്രസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് എസ്.ടി വിഭാഗത്തിൽപ്പെട്ട ഏക ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് മാറ്റാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത് . തുടർന്നാണ് വിദ്യാർത്ഥിയുടെ പഠനാവകാശം ഉറപ്പുവരുത്തുന്ന രീതിയിൽ മന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടായത് .
---------------
Hindusthan Samachar / Sreejith S