Enter your Email Address to subscribe to our newsletters

Kashmir, 06 ജൂലൈ (H.S.)
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം. കനത്ത മഴയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായി. വാഹനങ്ങള്‍ ചെളിയില്‍ പുതയുകയും ചെയ്തു. ജമ്മു-കിഷ്ത്വാര്‍ ദേശീയപാത 244-ല്‍ പ്രേംനഗറില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. മിന്നല്‍ പ്രളയത്തില്‍ നിരവധി വാഹനങ്ങളാണ് ചെളിയില്‍ പുതഞ്ഞു കിടക്കുന്നത്. ചെനാബ് നദിക്ക് കുറുകെയുള്ള 540 മെഗാവാട്ട് ശേഷിയുള്ള ക്വാര്‍ ജലവൈദ്യുത പദ്ധതി പ്രദേശം പൂര്‍ണ്ണമായും ചെളിയും വെള്ളവും കൊണ്ട് മൂടിയിരിക്കുകയാണ്. കാലവര്‍ഷം കനത്തതോടെ ഉത്തരേന്ത്യയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിന് പുറമെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിലും മണ്ണിടിച്ചിലിലുമായി ഇന്ന് 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മാന്‍കുര്‍ദില്‍ ഉണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. പൂണെയിലെ പത്താന്‍ ഗ്രാമത്തില്‍ വലിയ തോതിലുള്ള മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഉത്തരാഖണ്ഡില്‍ അളകനന്ദ നദി കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തെ 15 അടി ഉയരമുള്ള ശിവപ്രതിമ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിലും കശ്മീരിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജൂണില്‍ ദുര്‍ബലമായ മണ്‍സൂണ്‍ വടക്കേ ഇന്ത്യയിലുടനീളം വീണ്ടും ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അസാധാരണമാംവിധം ജൂണില്‍ മഴ ദുര്‍ബലമായിരുന്നു. ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയാണ്. കഴിഞ്ഞ മാസം മഴ സാധാരണയേക്കാള്‍ 40% കുറവായിരുന്നു. ജൂണ്‍ 24 ഓടെ മധ്യപ്രദേശിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളില്‍ എത്തിയ ശേഷം, മണ്‍സൂണ്‍ ഏകദേശം ആറ് ദിവസത്തേക്ക് പെയ്തിരുന്നില്ല.
---------------
Hindusthan Samachar / Sreejith S