Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജൂലൈ (H.S.)
സ്വകാര്യ ധനകാര്യ സ്ഥാപനത്തില് പണയം വച്ചിരുന്ന 70 പവനോളം സ്വര്ണാഭരണങ്ങള് കൈക്കലാക്കിയ ശേഷം സുഹൃത്ത് ചതിച്ചതിനെ തുടര്ന്ന് ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സുഹൃത്ത് ചതിച്ചെന്ന് കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളാണ് മരിച്ചത്. വെങ്ങാനൂര് ചാവടിനട സ്വദേശിനി ഐശ്വര്യയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ഐശ്വര്യ ജോലി ചെയ്തിരുന്നത്. മറ്റൊരു ജീവനക്കാരി വെണ്ണിയൂര് നെല്ലിവിള ജയഭവനില് വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച മരിച്ചു. ഇവരുടെ സുഹൃത്തായ സിന്ധുകുമാരിയാണ് ഇവരില് നിന്നും സ്വര്ണം തട്ടിയെടുത്തത്. വെങ്ങാനൂര് പനങ്ങോട് ശ്യാമളാലയത്തില് സിന്ധുകുമാരിയെ മലയിന്കീഴ് മച്ചേലിലെ ബന്ധുവീട്ടില്നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികള് ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. പ്രതിയെ റിമാന്ഡ് ചെയ്തു. സിന്ധുവിന്റെ വീട്ടില്നിന്ന് വ്യാജ വിസിറ്റിങ് കാര്ഡുകളും ബില് ബുക്കും ഉള്പ്പെടെ പൊലീസ് കണ്ടെടുത്തു. ഇവരുടെ സാമ്പത്തിക ഇടപാടുകള്, ബാങ്ക് വിവരങ്ങള്, ഫോണ്കോളുകളുടെ വിശദാംശങ്ങള് എന്നിവ പരിശോധിക്കുമെന്നും അറിയിച്ചു. ഇവര്ക്കെതിരെ കോവളം പൊലീസ് സ്റ്റേഷനില് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിനുള്പ്പെടെ 2 കേസുണ്ട്. മലയിന്കീഴ് സ്റ്റേഷനില് വഞ്ചനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തുന്നുവെന്നറിഞ്ഞ് സിന്ധു ആദ്യം വെള്ളായണിയിലും തുടര്ന്ന് മച്ചേലിലെ ബന്ധുവീട്ടിലും എത്തുകയായിരുന്നു.
സ്വര്ണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. ഇവര് ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തില് പണയം വയ്ക്കുന്ന സ്വര്ണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയില് പണയംവയ്ക്കാമെന്നു വാഗ്ദാനം നല്കി വാങ്ങി വില്ക്കുകയായിരുന്നു പതിവ്. കമ്മിഷന് യുവതികള്ക്ക് നല്കിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വര്ണം തിരികെ നല്കി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നല്കിയില്ല. യുവതികള് പണം കടമെടുത്ത് പണയ തൂക്കത്തിനുള്ള സ്വര്ണം വാങ്ങി ഇടപാടുകാര്ക്ക് നല്കി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യചെയ്യാന് തീരുമാനമെടുത്തത്.
അഞ്ജു 20 പവനും ഐശ്വര്യ 50 പവനും പ്രതിക്കു നല്കിയിട്ടുണ്ട്. കൈക്കലാക്കിയ സ്വര്ണം കോവളത്തെ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു കൈമാറി വില്പന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി.റെജിരാജ്, എസ്ഐ: കൃഷ്ണലാല്, സിപിഒ റെജിന്, സിപിഒ ഷീലു എന്നിവരുള്പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
---------------
Hindusthan Samachar / Sreejith S