Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 ജൂലൈ (H.S.)
കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ബോണ്ടുകളിലൂടെയും വായ്പകളിലൂടെയും സമാഹരിച്ചത് 42,053.20 കോടി രൂപയെന്ന് വിവരാവകാശ രേഖ. ധനകാര്യ (ഇൻഫ്രാ) വകുപ്പ് നൽകിയ മറുപടി അനുസരിച്ച്, ഇതിൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ 9,865.73 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. നിലവിൽ കിഫ്ബിയുടെ ആകെ കടബാധ്യത 32,187.47 കോടി രൂപയാണ്.
വരും വർഷങ്ങളിലും കിഫ്ബിക്ക് വലിയ രീതിയിലുള്ള തിരിച്ചടവ് ബാധ്യതയുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ച് വർഷത്തേക്കായി മാത്രം ഏകദേശം 17,447 കോടി രൂപയുടെ തിരിച്ചടവാണ് പ്രതീക്ഷിക്കുന്നത്. നാബാർഡ്, എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക്, മസാല ബോണ്ട് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 7% മുതൽ കൺവെൻഷണൽ ട്രഷറി നിരക്കുകൾ വരെയുള്ള ഉയർന്ന പലിശയ്ക്കാണ് ഈ തുകകളിൽ ഭൂരിഭാഗവും ലഭ്യമാക്കിയിട്ടുള്ളത്.
മുൻ സിഇഒ കെ.എം. അബ്രഹാമിന്റെ ശമ്പളം 3.42 കോടി
വിവരാവകാശ രേഖയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ കിഫ്ബിയുടെ മുൻ സിഇഒ ശ്രീ. കെ.എം. എബ്രഹാമിന്റെ ശമ്പളവുമായി ബന്ധപ്പെട്ടതാണ്. ജനുവരി 2018 മുതൽ മെയ് 2026 വരെയുള്ള കാലയളവിൽ ശമ്പള ഇനത്തിൽ മാത്രം അദ്ദേഹം 3,42,89,720 രൂപ കൈപ്പറ്റിയിട്ടുണ്ട്. ഔദ്യോഗിക കാലാവധിയുടെ അവസാന ഘട്ടങ്ങളിൽ പ്രതിമാസം 4,07,000 രൂപയായിരുന്നു അദ്ദേഹത്തിന്റെ ഗ്രോസ് സാലറി.
*വികസനച്ചെലവുകളിൽ പൊതുമരാമത്ത് മുന്നിൽ
കഴിഞ്ഞ 10 വർഷത്തിനിടയിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി ആകെ 41,609.62 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനാണ്—20,293.33 കോടി രൂപ. വ്യവസായ വകുപ്പിന് 5,831.44 കോടി രൂപയും ജലവിഭവ വകുപ്പിന് 3,737.20 കോടി രൂപയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് 3,069.07 കോടി രൂപയും ലഭിച്ചപ്പോൾ ഏറ്റവും കുറവ് ശാസ്ത്ര സാങ്കേതിക വകുപ്പിനാണ് (10.02 കോടി രൂപ).
*ജീവനക്കാരിൽ ഭൂരിഭാഗവും താൽക്കാലികക്കാർ
കിഫ്ബിയിൽ നിലവിൽ ആകെ 441 ജീവനക്കാരാണുള്ളത്. ഇതിൽ സ്ഥിരം തസ്തികകളിലോ ഡെപ്യൂട്ടേഷനിലോ ഉള്ള ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. കേഡർ പോസ്റ്റുകളിൽ വെറും 7 പേരും ഡെപ്യൂട്ടേഷൻ വഴി വന്ന 17 പേരും മാത്രമാണുള്ളത്. ബാക്കി വരുന്നവരിൽ സി.എം.ഡി വഴിയുള്ള മാൻപവർ ഔട്ട്സോഴ്സിംഗ്, ടെക്നിക്കൽ റിസോഴ്സ് സെന്റർ എന്നിവ മുഖേന നിയമിച്ച 400 പേരും താൽക്കാലിക ജീവനക്കാരാണ്.വിവരാവകാശ പ്രവർത്തകൻ കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക്
ധനകാര്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് സംസ്ഥാനത്തെ പ്രമുഖ ധനസമാഹരണ ഏജൻസിയുടെ കൃത്യമായ സാമ്പത്തിക വിവരങ്ങളും ജീവനക്കാരുടെ ഘടനയും പുറത്തുവന്നിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S