Enter your Email Address to subscribe to our newsletters

Pathanamthitta , 06 ജൂലൈ (H.S.)
പത്തനംതിട്ട: കൂടലിൽ 13 വയസ്സുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിന്റെ പേരിൽ നിരപരാധികളായ തങ്ങളുടെ മക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ പൊലീസിനെതിരെ രംഗത്ത്. സ്കൂൾ കൗൺസലിങ്ങിനിടെ പെൺകുട്ടി നൽകിയ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രായപൂർത്തിയാകാത്ത സഹപാഠികൾ ഉൾപ്പെടെയുള്ള കുട്ടികളെയാണ് കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഈ കുട്ടികളുടെ മാതാപിതാക്കളാണ് ഇപ്പോൾ പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരെ അതീവ സങ്കടത്തോടെയും പ്രകോപനത്തോടെയും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
പട്ടികളെപ്പോലെയാണ് പൊലീസുകാർ സ്റ്റേഷനിൽ വെച്ച് മക്കളോട് പെരുമാറിയതും ആട്ടിപ്പായിച്ചതും. ഇത്രയും വലിയൊരു ആരോപണം ഒരു പെൺകുട്ടി ഉന്നയിക്കുമ്പോൾ നിയമപ്രകാരം ആദ്യം അവളെ കൃത്യമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയല്ലേ വേണ്ടത്? അത് ചെയ്യാതെ നിരപരാധികളായ ഞങ്ങളുടെ മക്കളെ പിടിച്ച് സ്റ്റേഷനിലിട്ട് മാനസികമായി തകർക്കുകയാണ് പൊലീസ് ചെയ്തത്, എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് വികാരാധീനരായി ചോദിച്ചു.
ഇനി പഠിക്കാൻ പോകുന്നില്ല; മാനസികമായി തകർന്ന് കുട്ടികൾ
പെൺകുട്ടിയുടെ പരാതിയിൽ സഹപാഠികളായ ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ വന്നിരുന്നു. പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമാവുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയും ചെയ്തതോടെയാണ് കുട്ടികൾ സ്റ്റേഷനിൽ നിന്നും മോചിതരായത്.
എന്നാൽ, ഒരുകുറ്റവും ചെയ്യാതെ പൊലീസ് സ്റ്റേഷൻ കയറേണ്ടി വന്നതും അവിടുത്തെ മോശം അനുഭവങ്ങളും ഈ പ്രായപൂർത്തിയാകാത്ത കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. തങ്ങൾ ഇനി സ്കൂളിലേക്കോ പഠിക്കാനോ പോകുന്നില്ലെന്ന് കുട്ടികൾ വിഷമത്തോടെ പറഞ്ഞതായി രക്ഷിതാക്കൾ വ്യക്തമാക്കുന്നു. സമൂഹത്തിന് മുന്നിലും സഹപാഠികൾക്കിടയിലും ഉണ്ടായ അപമാന ഭാരം കുട്ടികളുടെ ഭാവിയെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
ഈ സംഭവത്തിൽ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ഇരുപതുകാരനായ യുവാവ് നേരത്തെ തന്നെ സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് കുട്ടികളുടെ രക്ഷിതാക്കളും പൊലീസിന്റെ വീഴ്ചകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന പോക്സോ കേസ് കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരുവിധ മാനദണ്ഡങ്ങളും കൂടൽ പൊലീസ് പാലിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. കുട്ടികൾ തമ്മിലുണ്ടായ എന്തെങ്കിലും തർക്കമാണോ പെൺകുട്ടിയെക്കൊണ്ട് ഇത്തരമൊരു വ്യാജ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും, തിടുക്കപ്പെട്ട് നടപടികളിലേക്ക് കടന്ന ഉദ്യോഗസ്ഥർക്കെതിരെയും, വ്യാജ പരാതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും ശക്തമായ നിയമനടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുട്ടികളുടെ കുടുംബാംഗങ്ങൾ.
---------------
Hindusthan Samachar / Roshith K