'പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായത് മോശം പ്രവണത, പ്രതികരിക്കാതിരിക്കാനാവില്ല'; 10 വർഷത്തെ നിയമനങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
Thiruvananthapuram, 06 ജൂലൈ (H.S.) തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടക്കുന്നുവെന്ന മാതൃഭൂമി ന്യൂസ് വാർത്തയോട് പ്രതികരിച്ച് റവന്യൂ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പി.എസ്.സി നിയമനങ്ങളിൽ തങ്ങളുടെ ഭരണകാലത്ത്
'പിഎസ്സിയുടെ ഭാഗത്തുനിന്നുണ്ടായത് മോശം പ്രവണത, പ്രതികരിക്കാതിരിക്കാനാവില്ല'; 10 വർഷത്തെ നിയമനങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്


Thiruvananthapuram, 06 ജൂലൈ (H.S.)

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടക്കുന്നുവെന്ന മാതൃഭൂമി ന്യൂസ് വാർത്തയോട് പ്രതികരിച്ച് റവന്യൂ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പി.എസ്.സി നിയമനങ്ങളിൽ തങ്ങളുടെ ഭരണകാലത്ത് നടന്നിട്ടുള്ള രാഷ്ട്രീയ ഇടപെടലുകൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷക്കാലയളവിൽ പി.എസ്.സി വഴി നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങളും സർക്കാർ വിശദമായി അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി വലിയ രീതിയിലുള്ള അട്ടിമറിയും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്. ഈ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകളോ എക്സ്പീരിയൻസോ ഇല്ലാത്തവരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് ഈ ഒത്തുകളി നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

'പ്രിസം' ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഒത്തുകളി

പി.ആർ.ഡി വകുപ്പിലെ 'പ്രിസം' പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാർ ഒരിക്കലും സ്ഥിരം സ്വഭാവമുള്ള തൊഴിലാളികളല്ല. അവരെ ഒരു തരത്തിലും മുഴുവൻ സമയ മാധ്യമപ്രവർത്തകരായി പരിഗണിക്കാൻ കഴിയില്ല. എന്നാൽ ഇത്തരത്തിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന ആളുകൾക്ക് പ്രത്യേക ഇളവുകൾ അനുവദിക്കുകയും, വ്യവസ്ഥകൾ അട്ടിമറിച്ച് അവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഈ അനധികൃത നീക്കങ്ങൾക്ക് പി.എസ്.സി തന്നെ കൂട്ടുനിന്നു എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം.

പി.എസ്.സി നിർദ്ദേശിച്ചതനുസരിച്ചാണ് യോഗ്യതയില്ലാത്തവർക്കായി പി.ആർ.ഡി ഡിപ്പാർട്ട്മെന്റ് പ്രത്യേക എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായതെന്നും ഇതിൽ വ്യക്തമായ ഒത്തുകളി നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ സർക്കാരിന്റെ അവസാന നാളുകളിൽ സി.പി.എമ്മിന്റെ പല ഉന്നതരുമായി ബന്ധമുള്ള ആളുകൾക്കും ഇതിന്റെ ഭാഗമായി ജോലി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.

പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായത് വളരെ മോശമായൊരു പ്രവണതയാണ്. അർഹതയുള്ള ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കൃത്യമായ അന്വേഷണവും തുടർനടപടികളും ഉണ്ടാകും.

— മന്ത്രി ഒ.ജെ. ജനീഷ്

മാധ്യമപ്രവർത്തകർക്ക് കടുത്ത നിബന്ധന; രാഷ്ട്രീയക്കാർക്ക് ഇളവ്

സാധാരണഗതിയിൽ യഥാർത്ഥ മാധ്യമപ്രവർത്തകർ പി.ആർ.ഡിയിലെയും മറ്റും നിയമനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ അവരുടെ പ്രവൃത്തിപരിചയം തെളിയിക്കാൻ രജിസ്റ്റർ ഉൾപ്പെടെയുള്ള സർേഖകൾ വളരെ കർശനമായി പി.എസ്.സി പരിശോധിക്കാറുണ്ട്. ഒരു ദിവസത്തെ എക്സ്പീരിയൻസിന്റെ കുറവുണ്ടായാൽ പോലും അർഹരായ ഉദ്യോഗാർത്ഥികളെ കൂട്ടത്തോടെ ഒഴിവാക്കുന്ന പി.എസ്.സി സംവിധാനമാണ് രാഷ്ട്രീയ സ്വാധീനമുള്ളവർക്കായി ഇത്തരം അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നത്.

ഈ വിഷയം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങൾ പുനപ്പരിശോധിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ പി.എസ്.സി അട്ടിമറി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News