Enter your Email Address to subscribe to our newsletters

odisha, 06 ജൂലൈ (H.S.)
ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ ദുരിതയാത്രയ്ക്ക് പരിഹാരവുമായി കേന്ദ്രസര്‍ക്കാര്‍. ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന്് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഒഡിഷയില്‍ നന്ദേദ്-മുംബൈ, തനക്പൂര്‍-നന്ദേദ് എന്നീ എക്സ്പ്രസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. ഒഡിഷയിലെ പുരിയില്‍ നടക്കുന്ന രഥയാത്രയോട് അനുബന്ധിച്ച് 300 ലധികം ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തീര്‍ത്ഥാടന നഗരമായ പുരിയെയും ഒഡീഷയിലെ ഗോത്രവര്‍ഗ്ഗ മേഖലയായ കോരാപുട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചേര്‍ന്ന് തിങ്കളാഴ്ച പുരിയില്‍ വെച്ച് ട്രെയിന്‍ സര്‍വീസ് സംയുക്തമായി ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ഗതാഗത മന്ത്രി ബിഭൂതി ഭൂഷണ്‍ ജെന, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒഡീഷയെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വിശേഷിപ്പിച്ചു. 'ശ്രീകേത്ര പുരി'യില്‍ നിന്നും 'ശബര ശ്രീകേത്ര കോരാപുട്ടി'ലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച ഈ ദിവസം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, പുതിയ സര്‍വീസ് അനുവദിച്ചതിന് റെയില്‍വേ മന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിനായി പുരി റെയില്‍വേ സ്റ്റേഷന്‍ 184 കോടി രൂപ ചെലവില്‍ നവീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഒഡീഷയെ പുരിയുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ട്രെയിന്‍ സര്‍വീസ് കൂടി അനുവദിക്കണമെന്ന് ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഉടനടി പ്രതികരിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വടക്കന്‍ ഒഡീഷയെ പുരിയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വീസ് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. തീരദേശ ഒഡീഷയെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളുമായി ബന്ധിപ്പിക്കുന്ന ഒരു പകല്‍ ട്രെയിന്‍ സര്‍വീസിനായി ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. നിലവില്‍ ഭുവനേശ്വറില്‍ നിന്ന് കോരാപുട്ടിലേക്ക് 'ഹീരാഖണ്ഡ് എക്‌സ്പ്രസ്' മാത്രമാണുള്ളതെന്നും അത് രാത്രി സര്‍വീസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ട്രെയിനിന്റെ കാര്യത്തില്‍ ഒഡീഷ മുഖ്യമന്ത്രി തനിക്ക് കത്തയച്ചിരുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സര്‍വീസിന് അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയിലെ റെയില്‍വേ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 97,000 കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സംസ്ഥാനത്ത് നിക്ഷേപിച്ചു കഴിഞ്ഞതായും അടുത്ത വര്‍ഷത്തോടെ ഈ ലക്ഷ്യം പൂര്‍ണ്ണമാകുമെന്നും മന്ത്രി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തെ സുവര്‍ണ്ണ ചതുഷ്‌കോണ പാത പദ്ധതി പോലെ, നരേന്ദ്ര മോദി സര്‍ക്കാരും ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് നാലുവരി റെയില്‍വേ കോറിഡോറുകള്‍ നിര്‍മ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുരി സ്റ്റേഷന് പുറമെ ഒഡീഷയിലുടനീളമുള്ള 50 ഓളം റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S