Enter your Email Address to subscribe to our newsletters

Newyork, 06 ജൂലൈ (H.S.)
ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി നടന്നതോടെ അമേരിക്കയില് നിന്നും കണ്ണീരോടെ ബ്രസീല് മടങ്ങി. ബ്രസീലിനെ അട്ടിമറിച്ച് (2-1) നോര്വെ ക്വാര്ട്ടറില് കടന്നു. 79-ാം മിനിറ്റിലെ എര്ലിങ് ഹാളണ്ടിന്റെ ഹെഡര് ബ്രസീല് വല കുലുക്കി. പിന്നാലെ 90-ാം മിനിറ്റില് കിടിലനൊരു ഇടംകാലനടിയില് ഹാളണ്ട് നോര്വെയുടെ വിജയവും ഗോള്പട്ടികയും പൂര്ത്തിയാക്കി. ഈ ഗോളുകള്ക്ക് ബ്രസീലിന് മറുപടി ഉണ്ടായില്ല.
14-ാം മിനിറ്റില് ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ ആ പെനാല്റ്റിക്ക് ബ്രസീലിന് നല്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. കളിയവസാനിക്കാന് നിമിഷങ്ങള് മാത്രം ബാക്കിനില്ക്കേ ലഭിച്ച പെനാല്റ്റി വലയിലെത്തിച്ച് നെയ്മറാണ് ബ്രസീലിന്റെ ആശ്വാസ ഗോള് നേടിയത്. ഫുട്ബോളില് ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല് പോലും തോല്പ്പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്വെ.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില് നോര്വെ താരങ്ങള് ബ്രസീല് ബോക്സിലേക്ക് ഇരമ്പിയെത്തുന്ന കാഴ്ചയായിരുന്നു. 10-ാം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായ പെനാല്റ്റി. മത്തിയുസ് കുന്യയെ ക്രിസ്റ്റഫര് അയെര് ബോക്സില് വീഴ്ത്തിയതിനായിരുന്നു പെനാല്റ്റി. വാര് പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. പക്ഷേ ബ്രസീലിനായി കിക്കെടുത്ത ബ്രൂണോ ഗ്വിമറെഷിന് പിഴച്ചു. താരത്തിന്റെ ഷോട്ട് നോര്വെ ഗോള്കീപ്പര് ഓര്യാന് നീലാന്ഡ് തട്ടിയകറ്റി. ആദ്യ പകുതിയിലുടനീളം കൗണ്ടര് അറ്റാക്കുകളില് മികച്ച അവസരങ്ങള് ബ്രസീലിന് ലഭിച്ചിരുന്നു. പക്ഷേ ഗോള് മാത്രം വന്നില്ല.രണ്ടാം പകുതിയില് എന്ഡ്രിക്കും പിന്നീട് നെയ്മറും കളത്തിലെത്തിയെങ്കിലും ബ്രസീലിന്റെ കളിക്ക് മാറ്റമൊന്നും ഉണ്ടായില്ല.
ബ്രസീല് ക്വാര്ട്ടര് കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ബ്രസീല് സൂപ്പര് താരം നെയ്മര്. 34-ാം വയസിലാണ് നെയ്മറുടെ വിരമിക്കല് പ്രഖ്യാപനം. ബ്രസീലിനായി ഏറ്റവുമധികം ഗോളുകള് നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്.
ബ്രസീല് ദേശീയ ടീമിനായി 130 മത്സരങ്ങളില് നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മര് സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിനൊപ്പം 2013-ല് ഫിഫ കോണ്ഫെഡറേഷന്സ് കപ്പും 2016-ല് ബ്രസീലില് വെച്ച് നടന്ന ഒളിമ്പിക്സില് സ്വര്ണ്ണ മെഡലും നേടിയ താരമാണ് നെയ്മര്. 2012-ലെ ലണ്ടന് ഒളിമ്പിക്സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളില് ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം അദ്ദേഹത്തിന് നേടാനായില്ല.
---------------
Hindusthan Samachar / Sreejith S