കള്ളാടി മണ്ണിടിച്ചിൽ: മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മുൻഗണന; റവന്യൂ മന്ത്രി എ പി അനിൽ കുമാർ
Thiruvananthapuram, 07 ജൂലൈ (H.S.) വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത
anilkumar


Thiruvananthapuram, 07 ജൂലൈ (H.S.)

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും ശേഖരിച്ചുവരികയാണ്. വയനാട്ടിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും മണ്ണ് നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.

ജില്ലാ കളക്ടർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടസമയത്ത് സ്ഥലത്ത് കൂടുതൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആളപായം സംഭവിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സ്ഥിതിഗതികൾ സർക്കാർ നിരന്തരം വിലയിരുത്തിവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ടറുടെ ഭാഗത്തുനിന്നും അടക്കം കരാർ കമ്പനിക്ക് മണ്ണ് മാറ്റുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. ദുരന്തനിവാരണ അതോറിറ്റിയും ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാസം 20ന് കളക്ടർ കരാർ കമ്പനിക്ക് ഉത്തരവായി നിർദ്ദേശം കൈമാറുകയും ചെയ്തു. എന്നാൽ മണ്ണ് മാറ്റാൻ കമ്പനി തയ്യാറായില്ല. ഇതാണ് വലിയ ദുരന്തത്തിലേക്ക് കലാശിച്ചത്.

പൈലിങ് ജോലികൾക്കിടെ ദുരന്തംതാമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മേപ്പാടിക്ക് സമീപം കള്ളാടിയിൽ സജീവമായി നടന്നുവരികയായിരുന്നു. വൻ യന്ത്രങ്ങൾ ഉപയോഗിച്ച് പൈലിങ് ജോലികൾ ചെയ്യുന്നതിനിടയിലാണ് കനത്ത മഴയെത്തുടർന്ന് മുകളിൽ നിന്നും മണ്ണും വലിയ പാറക്കല്ലുകളും ചെളിയും കുത്തിയൊലിച്ച് താഴേക്ക് പതിച്ചത്.

മണ്ണിടിച്ചിലിൽ തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ താൽക്കാലിക സംരക്ഷണ ഭിത്തിയും തകർന്നു വീണിട്ടുണ്ട്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയോട് ചേർന്നാണ് അപകടമുണ്ടായത്.

---------------

Hindusthan Samachar / Sreejith S


Latest News