Enter your Email Address to subscribe to our newsletters

Thiruvananthapuram,08 ജൂലൈ (H.S.)
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണ്.
എച്ച്.എം തസ്തികയിൽ 260 ഒഴിവുകളും, പ്രിൻസിപ്പൽ തസ്തികയിൽ 100 ഒഴിവുകളും, ഡി.ഡി.ഇ തലത്തിൽ 6 ഒഴിവുകളും, ഡി.ഇ.ഒ തലത്തിൽ 14 ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിന് ഈ തസ്തികകൾ അടിയന്തരമായി നികത്തേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ കാട്ടുന്ന അനാസ്ഥ സ്കൂൾ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
സെൻസസ് ഡ്യൂട്ടിക്കായി ഏകദേശം 60,000 അധ്യാപകരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പകരമായി ഡെയിലി വേജസ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മുൻപ് എസ് ഐ ആർ ഡ്യൂട്ടി ഉണ്ടായിരുന്ന സമയത്ത് കാര്യക്ഷമമായി ഡെയിലി വേജസ് നിയമനങ്ങൾ നടത്തി ക്ലാസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നു. എന്നാൽ നിലവിലെ സർക്കാർ വിദ്യാർത്ഥികളുടെ പഠനത്തെപ്പറ്റി ഒട്ടും ആശങ്കയില്ലാതെ പെരുമാറുകയാണ്.
ഇതിനെല്ലാം പുറമെയാണ് അധ്യാപകരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നത്. വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാതെ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അധ്യാപകരെ അങ്ങോളമിങ്ങോളം സ്ഥലം മാറ്റുന്നത് സ്കൂളുകളിലെ അധ്യയനത്തെയും ഭരണത്തെയും അടിമുടി താളം തെറ്റിച്ചിരിക്കുകയാണ്.
പൊതുവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഉടൻ നികത്തണമെന്നും മുൻ മന്ത്രി ആവശ്യപ്പെട്ടു. അധ്യാപകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികളുമായി
സർക്കാർ മുന്നോട്ടുപോകുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S