Enter your Email Address to subscribe to our newsletters

KOCHI, 08 ജൂലൈ (H.S.)
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാര്‍ കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ നുംഖോറില്‍ പരിശോധനകള്‍ തുടര്‍ന്ന് കസ്റ്റംസ്. റെയ്ഡിന്റെ ഭാഗമായി രണ്ട് വാഹനങ്ങള്‍ കൂടി പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കര്‍ണാടകത്തില്‍ നിന്ന് പിടികൂടിയത്. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ വാഹനങ്ങളാണ് പിടികൂടിയത്.
ഇന്ന് രണ്ട് കാറുകള്‍ കൂടി പിടിച്ചതോടെ ഓപ്പറേഷന്റെ ഭാഗമായി പിടിച്ചെടുത്ത ആഡംബര വാഹനങ്ങളുടെ ആകെ എണ്ണം 60 ആയി. ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ കര്‍ണാടകത്തില്‍ എവിടെ നിന്നാണ് കണ്ടെത്തിയത് എന്നോ ഉള്ള വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു എന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതാണെന്ന വിവരം മറച്ചുവയ്ക്കാനും റജിസ്‌ട്രേഷന്‍ നിയമപരമാണെന്ന് കാണിക്കാനുമായി വ്യാജ റജിസ്‌ട്രേഷന്‍ രേഖകളാണ് ഈ വാഹനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയ ഭൂരിഭാഗം വാഹനങ്ങളും കേരളത്തില്‍ നിന്നാണ്. ചലച്ചിത്ര താരങ്ങളും വ്യവസായികളും ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഇതിലുണ്ട്. ഭൂട്ടാനില്‍നിന്ന് അനധികൃതമായി കൊണ്ടുവരുന്ന ആഡംബര വാഹനങ്ങള്‍ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ മോട്ടര്‍ വാഹന വകുപ്പില്‍ വ്യാജ രേഖകള്‍ നല്‍കി വിവിധ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് കടത്തുകാര്‍ ചെയ്യുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പക്കലുള്ള യഥാര്‍ഥ റജിസ്‌ട്രേഷന്‍ നമ്പറുകള്‍ തന്നെ വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നതു വഴി ഇവര്‍ക്ക് ലഭിക്കും. ഇപ്പോള്‍ കര്‍ണാടകത്തില്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളും ഇത്തരത്തില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്തതാണ്. കേരളത്തില്‍ പിടിച്ചെടുത്ത പല വാഹനങ്ങളും നേരത്തേ ഹിമാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് പിന്നീട് കേരളത്തില്‍ കൊണ്ടു വന്ന് റീ-റജിസ്‌ട്രേഷന്‍ നടത്തിയതാണ്.
അന്വേഷണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് 7 മണിക്കൂര്‍ ചോദ്യം ചെയ്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള 4 വാഹനങ്ങള്‍ നേരത്തെ ഓപ്പറേഷന്‍ നുമ്‌ഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ദുല്‍ഖറിന്റെ മൊഴിയെടുത്തത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു മൊഴിയെടുപ്പ്. പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S