കേരളത്തിന്റെ രക്ഷാപ്രവര്ത്തനം മികച്ചത്; മുഖ്യമന്ത്രിയുമായി ഫോണില് സംസാരിച്ച് അമിത് ഷാ
Thiruvanathapuram, 08 ജൂലൈ (H.S.) വയനാട് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി കേന്ദ്രത്തിന്റെ എല്ലാ പി
Amithsha


Thiruvanathapuram, 08 ജൂലൈ (H.S.)

വയനാട് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര മന്ത്രി തൃപ്തി പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് നടന്ന മന്ത്രിസഭ യോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു.

മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തി. കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

തുരങ്ക പാത വികസനം തടസപ്പെടുത്താന്‍ നടക്കുന്ന വികസന വിരുദ്ധനാണ് താന്‍ എന്നാണ് നേരത്തെ സിപിഎം ആരോപിച്ചത്. അന്ന് പരിസ്ഥിതി ആഘാത പഠനം അടക്കം നടത്തണമെന്ന് താന്‍ പറഞ്ഞിരുന്നു. മണ്ണ് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് മണ്ണ് പരിശോധനാ വിദഗ്ധന്‍ എന്നാണ് തന്നെ കളിയാക്കിയത്. നിലവില്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്രം നിര്‍മ്മാണത്തിന് അനുമതി കൊടുത്തപ്പോള്‍ 50 നിബന്ധനകള്‍ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതില്‍ ഗുരുതര പാളിച്ചകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

അതേസമയം കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എംഡി ഇംമ്രാന്‍, ബിക്രം സിങ് റാണാ, രാഹുല്‍ ശര്‍മ്മ, രാകേഷ്, അന്‍സാരി എന്നിവര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചത്.

സ്പോര്‍ട് ലൊക്കേഷന്‍ ക്യാമറയും ഡ്രോണ്‍ കാമറയും തെരച്ചിലായി ഉപയോഗിക്കുന്നുണ്ട്. കഡാവര്‍ നായകളും സേവനവും സ്ഥലത്ത് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ അപകടത്തില്‍ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസ് സര്‍ജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയത്. മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

---------------

Hindusthan Samachar / Sreejith S


Latest News