Enter your Email Address to subscribe to our newsletters

Wayannad, 08 ജൂലൈ (H.S.)
വയനാട് : ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൌൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
അതേസമയം കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എംഡി ഇംമ്രാന്‍, ബിക്രം സിങ് റാണാ, രാഹുല്‍ ശര്‍മ്മ, രാകേഷ്, അന്‍സാരി എന്നിവര്‍ക്കായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിന് സമീപം കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിച്ചത്.
കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തി. കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി.
തുരങ്ക പാത വികസനം തടസപ്പെടുത്താന്‍ നടക്കുന്ന വികസന വിരുദ്ധനാണ് താന്‍ എന്നാണ് നേരത്തെ സിപിഎം ആരോപിച്ചത്. അന്ന് പരിസ്ഥിതി ആഘാത പഠനം അടക്കം നടത്തണമെന്ന് താന്‍ പറഞ്ഞിരുന്നു. മണ്ണ് പരിശോധിക്കണമെന്നും പറഞ്ഞിരുന്നു. അന്ന് മണ്ണ് പരിശോധനാ വിദഗ്ധന്‍ എന്നാണ് തന്നെ കളിയാക്കിയത്. നിലവില്‍ എന്ത് സംഭവിച്ചുവെന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്രം നിര്‍മ്മാണത്തിന് അനുമതി കൊടുത്തപ്പോള്‍ 50 നിബന്ധനകള്‍ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതില്‍ ഗുരുതര പാളിച്ചകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.
---------------
Hindusthan Samachar / Sreejith S