പിഎസ് സി പരീക്ഷാ ക്രമക്കേടില് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Thiruvanathapuram, 08 ജൂലൈ (H.S.) പി എസ് സി പരീക്ഷാ ക്രമക്കേടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാനായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കാനു
VD Satheeshan


Thiruvanathapuram, 08 ജൂലൈ (H.S.)

പി എസ് സി പരീക്ഷാ ക്രമക്കേടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാനായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

വയനാട്ടില്‍ കള്ളാടിയില്‍ ഉണ്ടായ ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തും. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടുകളും പരിശോധിക്കും. തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിസ്ഥിതി മാനദണ്ഡങ്ങള്‍ കരാറുകാര്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടത്തും. അപകടസാധ്യതകള്‍ പൂര്‍ണമായി വിലയിരുത്തിയ ശേഷമേ നിര്‍ത്തിവച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി എസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേട് ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കെ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. പരീക്ഷാ മാര്‍ക്ക് മുന്‍കൂട്ടി അറിഞ്ഞ് ചില ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ അധിക മാര്‍ക്ക് നല്‍കി റാങ്കില്‍ മുന്നിലെത്തിച്ചെന്ന ആരോപണങ്ങള്‍ ഉള്‍പ്പടെ അന്വേഷണത്തിന് വിധേയമാക്കും.

സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളര്‍ കോഡുകള്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. 80 ശതമാനത്തിലധികം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പച്ച, 50 മുതല്‍ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നല്‍കും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ 100 ദിവസത്തിനകം വിവിധ വകുപ്പുകള്‍ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമ ഉദ്യോഗസ്ഥരെയും ഹൈക്കോടതിയിലേക്കുള്ള സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News