Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജൂലൈ (H.S.)
പരിഷ്‌കരിച്ച വിജിലന്‍സ് മാന്വല്‍ പ്രകാശനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ മാന്വല്‍ പുറത്തിറക്കിയത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയുള്ള വിജിലന്‍സ് മാന്വല്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല് കരുത്തു പകരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
2002-ന് ശേഷം ആദ്യമായാണ് വിജിലന്‍സ് മാന്വല്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ ബോധവല്‍ക്കരണവും സുതാര്യ ഭരണവും ലക്ഷ്യമിട്ട് കേരള വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി പരിഷ്‌കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനവും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലന്‍സ് മേധാവിമാരുടെ അവലോകന യോഗവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍ യുഗത്തില്‍ അഴിമതിയുടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായ സാഹചര്യത്തില്‍ അന്വേഷണ നടപടിക്രമങ്ങളും കാലാനുസൃതമായി നവീകരിക്കേണ്ടത് അനിവാര്യമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അന്വേഷണം, നിയമനടപടികള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ മാന്വലില്‍ ഉള്‍പ്പെടുത്തി. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ നിന്ന് വിജിലന്‍സിലേക്കുള്ളവരുടെ തെരഞ്ഞെടുക്കലിന് അഭിരുചി പരീക്ഷ നടത്തും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം നല്‍കുന്നത് പരിഗണിക്കും. മികച്ച സേവനം നടക്കുന്നവര്‍ക്ക് മെഡലുകള്‍ ഉള്‍പ്പെടെയുള്ള അംഗീകാരം നല്‍കുന്നതും മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'പ്രോജക്ട് സീറോ'യുടെ ഭാഗമായി എല്ലാ ജില്ലകളിലും വിജിലന്‍സ് എസ്.പിമാരുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. മിന്നല്‍ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ബിനാമി സ്വത്ത് ഇടപാടുകളും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും പ്രത്യേകമായി നിരീക്ഷിക്കുകയും ചെയ്യും. പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് സംവിധാനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കും. ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തമാക്കുന്നതിന് എല്ലാ വകുപ്പുകളിലെയും വിജിലന്‍സ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ട്രിബ്യൂണല്‍ കേസുകളും കോടതിവ്യവഹാരങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി നിയമോപദേശകരെ നിയോഗിക്കും. അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും വകുപ്പുതല വിവരങ്ങളും യഥാസമയം വിജിലന്‍സിനെ അറിയിക്കുന്നതില്‍ വകുപ്പ് മേധാവികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ മുഖ്യാതിഥിയായി. ആഭ്യന്തരം & വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറും ഡി.ജി.പി.യുമായ മനോജ് എബ്രഹാം സ്വാഗതം പറഞ്ഞു. വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഐ.ജി.പി. (ഇന്‍ ചാര്‍ജ്) തോംസണ്‍ ജോസ് നന്ദി രേഖപ്പെടുത്തി.
2026 മേയ് 26-ന് ആരംഭിച്ച 'പ്രോജക്ട് സീറോ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി അഴിമതി നിര്‍മാര്‍ജനത്തിനും പൊതുസേവന രംഗത്തെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനുമായി വിവിധ ബോധവല്‍ക്കരണ, പരിശീലന, പരിശോധനാ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടപ്പാക്കിവരികയാണ്.
---------------
Hindusthan Samachar / Sreejith S