വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല; സര്ക്കാരിനെ വിമര്ശിക്കുന്നവര് തെറ്റ് എന്താണെന്ന് പറയണമെന്നും മുഖ്യമന്ത്രി
Thiruvanathapuram, 08 ജൂലൈ (H.S.) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിദേശ കമ്പനിക്ക് കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഓബരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവ
vizhinjam port


Thiruvanathapuram, 08 ജൂലൈ (H.S.)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിദേശ കമ്പനിക്ക് കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഓബരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്. നിലവില്‍ ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തില്‍ ഈ സര്‍ക്കാര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. വിമര്‍ശിക്കുന്നവര്‍ എന്ത് തെറ്റാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാക്കണം. വിഴിഞ്ഞം വിഷയത്തില്‍ ആരോപണമുന്നയിച്ചവര്‍ തലയില്‍ മുണ്ടിട്ട് പോയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കണ്‍സഷന്‍ അഗ്രിമെന്റ് പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരികള്‍ കൈമാറാന്‍ പാടില്ലെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. 25 ശതമാനത്തിലധികം ഓഹരികള്‍ കൈമാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അപ്രൂവല്‍ ആവശ്യമാണെന്ന് കരാറില്‍ വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുമതിക്കായി കമ്പനി കത്ത് നല്‍കിയാല്‍ മാത്രമേ അത് സര്‍ക്കാര്‍ പരിശോധിക്കുകയുള്ളൂവെന്നും അതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

60 ശതമാനത്തോളം മാധ്യമങ്ങളും ഓഹരി കൈമാറ്റം നടന്നു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദാനി പോര്‍ട്ടും എം.എസ്.സിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷമായി നടന്നു വരികയാണെന്നും, 2026 ജൂണ്‍ 5-ന് ദേശാഭിമാനി പത്രത്തില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ എം.ഡി ചുമതലയേല്‍ക്കുന്നതിന് മുന്‍പേ തന്നെ ഈ നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു കൈമാറ്റവും പാടില്ല. അദാനി പോര്‍ട്ട് MSC കമ്പനിയുമായി ഒരു വര്‍ഷമായി ചര്‍ച്ച ചെയ്യുകയാണ്. ദേശാഭിമാനി അത് റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ ഇത് കഴിഞ്ഞ സര്‍ക്കാരിന് അറിയാമായിരുന്നു. വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നുവെന്നും അന്നത്തെ സര്‍ക്കാര്‍ ഇതിനെ വലിയൊരു നേട്ടമായാണ് കണ്ടിരുന്നതെന്നുമാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. എം.എസ്.സിയുടെ വരവ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമായാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതെന്നും' അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഹരി കൈമാറ്റം നടന്നാല്‍ തുറമുഖത്ത് കുത്തക ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാര്‍ തള്ളി. കരാര്‍ വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കരാര്‍ പ്രകാരം 'കോമണ്‍ യൂസര്‍ ഫസിലിറ്റി' ഉറപ്പാക്കിയിട്ടുണ്ടെന്നും ഒരാളുടെയും കുത്തക അവിടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാറില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി കൈമാറ്റത്തിന് അന്തിമ അനുമതി നല്‍കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും സുരക്ഷാ ക്ലിയറന്‍സ് അത്യാവശ്യമാണ്. ഇത് അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാനമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കമ്പനി സെബിക്ക് കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കെ ഇത്തരമൊരു നീക്കം നടത്തിയതിലെ അസംതൃപ്തി സര്‍ക്കാര്‍ അവരെ അറിയിച്ചിരുന്നു. അപ്പോള്‍ തന്നെ മുന്‍കൂര്‍ അനുമതിക്കുള്ള കത്ത് നല്‍കി. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റി വിഷയം വിശദമായി പഠിച്ചുവരികയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ച ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിക്ക് ഈ നീക്കം ഗുണകരമാണോ ദോഷകരമാണോ എന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഗവണ്‍മെന്റ് മുന്നോട്ട് പോകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News