കള്ളാടി ദുരന്ത പ്രദേശത്ത് കനത്തമഴ; കെടാവര് നായ്ക്കളും തെരച്ചിലിന്; മുഖ്യമന്ത്രിയുടെ സന്ദര്ശനം ഇന്ന്
Wayanad, 08 ജൂലൈ (H.S.) വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി കനത്ത മഴ. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.ഇന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്താനാണ് ശ്രമം നടക്കുന്നത്. കരാര്‍ കമ്പനിയി
Land slide


Wayanad, 08 ജൂലൈ (H.S.)

വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി കനത്ത മഴ. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.ഇന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്താനാണ് ശ്രമം നടക്കുന്നത്. കരാര്‍ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവര്‍ നായ്ക്കളെ എത്തിക്കും.

മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എയര്‍ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കും. വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തു. മുഖ്യമന്ത്രി ഉച്ചയ്ക്ക് വയനാട്ടിലെത്തും. രാവിലെ 11:30-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നിന് ദുരന്തമേഖല സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ എപി അനില്‍കുമാര്‍, ടി സിദ്ധിഖ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ദുരന്തത്തില്‍ കരാറുകാരെ കുറ്റപ്പെടുത്തുന്ന നിലപാടിലാണ് സര്‍ക്കാര്‍. അടിയന്തരമായി മണ്ണുനീക്കണമെന്ന നിര്‍ദേശം കരാറുകാര്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.മണ്ണുനീക്കാന്‍ കളക്ടറും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ഉത്തരവിറക്കിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ല.

ദേശീയപാതാ നിര്‍മാണത്തിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുളളത്.

അപകടം അതീവദുഃഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഡി.ബി.എല്‍.). അപകടത്തില്‍പ്പെട്ടവരെയും കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്നും കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എല്ലാ എന്‍ജിനിയറിങ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാരിസ്ഥിതികമായി അതീവ ലോല പ്രദേശമായതിനാല്‍, സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ഒന്നിലധികം നിരീക്ഷണങ്ങള്‍ക്കും ഈ പ്രോജക്റ്റ് വിധേയമാണ്. ഇവിടെനിന്നു ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങളനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ സാങ്കേതികപ്പിഴവുകള്‍ക്കുള്ള സാധ്യത വളരെക്കുറവാണെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News