കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു.
Kozhikode , 09 ജൂലൈ (H.S.) കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായ
Clock tower Collapsed


Kozhikode , 09 ജൂലൈ (H.S.)

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ട് പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാർ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പഴയ കെട്ടിടമാണ് അപ്രതീക്ഷിതമായി തകർന്നത്. ഇതിൻ്റെ അവശിഷ്ടങ്ങൾ മൂന്നാമത്തെ ട്രാക്കിലേക്കാണ് പതിച്ചത്. ക്ലോക്ക് ടവർ നെടുകെ പിളർന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം മൂന്നാമത്തെ ട്രാക്കിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരുന്നെങ്കിലും അതിലേക്ക് അവശിഷ്ടങ്ങൾ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ട്രെയിനിൻ്റെ വശങ്ങളിലേക്കാണ് കെട്ടിടഭാഗങ്ങൾ പതിച്ചത്. അപകടം നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതും, ട്രെയിനിൽ കയറാൻ ആളുകൾ നിൽക്കാതിരുന്നതും വലിയ ആശ്വാസമായി. തിരക്കുള്ള സമയത്തായിരുന്നു അപകടമെങ്കിൽ വലിയ തോതിലുള്ള ആളപായം ഉണ്ടാകുമായിരുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംഭവസ്ഥലത്ത് നിന്നും പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട് നഗരത്തിൽ കനത്ത മഴ തുടരുകയാണ്. ഇതും കെട്ടിടത്തിൻ്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. മഴയെ തുടർന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അപകടവിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ട്രാക്കിലേക്കും പ്ലാറ്റ്ഫോമിലേക്ക് വീണ കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അഗ്നിരക്ഷാസേന വിശദമായ പരിശോധന നടത്തി. ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി 450 കോടിയോളം രൂപ ചെലവിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഇതിനായി ഒരു സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടം സംഭവിച്ചത് എന്നത് യാത്രക്കാരിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുൾപ്പെടെയുള്ള ജോലികൾ ഇവിടെ നടക്കുന്നുണ്ട്. ഇതിനിടയിലാണ് നൂറുവർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ അപ്രതീക്ഷിതമായി തകർന്നുവീണത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ പരിശോധിച്ചേക്കും. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്. അതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ഇതിനോടകം ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന.

മുന്നറിയിപ്പുകളൊന്നും നല്കിയില്ല: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടത്തിന് വിള്ളലുണ്ടെന്നും അത് തകർന്നുവീഴാൻ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ ലഭിച്ചിട്ടും അധികൃതർ വേണ്ടത്ര ഗൗരവത്തോടെ നടപടികൾ സ്വീകരിച്ചില്ലെന്ന് പരക്കെ ആക്ഷേപം. കാലപ്പഴക്കം ചെന്ന റെയിൽവേയുടെ പഴയ കെട്ടിടങ്ങളെക്കുറിച്ച് കൃത്യമായ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വൻതോതിൽ പൈലിങ് അടക്കം നടക്കുന്നുണ്ടായിരുന്നു.

137 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ ബലക്ഷയം മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയാണ് ഇത്തരം ജോലികൾ ചെയ്തതെന്ന വിമർശനമുയർന്നിരുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനിൽ അപകട സാധ്യത മുൻകൂട്ടി കാണുന്നതിൽ വരുത്തിയ വീഴ്ച യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്നതിന് തുല്യമാണ്. കനത്ത മഴയും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് തകർച്ചയ്ക്ക് കാരണമായി അധികൃതർ പറയുന്നതെങ്കിലും മുൻകൂട്ടി നടപടികൾ എടുക്കാത്തത് പ്രതിഷേധാർഹമാണ്. അപകട സമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടം തകർന്ന് വീണതോടെ റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങളും താറുമാറായെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ഗതാഗത നിയന്ത്രണം: ക്ലോക്ക് ടവര് തകര്ന്നതിന് പിന്നാലെ റെയിൽവേ സ്റ്റേഷനിൽ ഗതാഗത നിയന്ത്രണം. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് (ട്രെയിൻ നമ്പർ 12075) കല്ലായി സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര തിരിക്കുക. ഉച്ചക്ക് 2.05 കണ്ണൂരിലേക്ക് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ 5661) റദ്ദാക്കി. നിലവിൽ നാലാമത്തെ പ്ലാറ്റ്ഫോം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News