കള്ളാടി മണ്ണിടിച്ചില് മേഖലയില് മഴ തുടരുന്നതിനാല് മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്.
Wayanad , 09 ജൂലൈ (H.S.) കള്ളാടി മണ്ണിടിച്ചില് മേഖലയില് മഴ തുടരുന്നതിനാല് മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്. മണ്ണിടിച്ചില് പ്രദേശം സന്ദര്ശിച്ച് തെരച്ചില് നടപടികള് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു
SOIL REMOVAL KALLADI


Wayanad , 09 ജൂലൈ (H.S.)

കള്ളാടി മണ്ണിടിച്ചില് മേഖലയില് മഴ തുടരുന്നതിനാല് മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്. മണ്ണിടിച്ചില് പ്രദേശം സന്ദര്ശിച്ച് തെരച്ചില് നടപടികള് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില് മണ്ണ് നീക്കം ചെയ്താല് കൂടുതല് അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്.

അതിനാല് സുരക്ഷിതമായി സ്വീകരിക്കാന് കഴിയുന്ന നടപടികളാണ് ഇപ്പോള് സ്വീകരിക്കുന്നത്. നിര്മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണകളായി മുന്നറിയിപ്പ് നല്കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന് ആവശ്യപ്പെട്ടെങ്കിലും പ്രശ്നമൊന്നും ഇല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.

അപകടത്തില് അന്വേഷണം നടത്തി തുടര്നടപടി സ്വീകരിക്കുമെന്നും നിര്മാണ പ്രവര്ത്തികള്ക്ക് ലഭിച്ച അനുമതി ഉള്പ്പെടെയുള്ള കാര്യങ്ങള് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിൻ്റെ നിര്മാണം സംബന്ധിച്ച് കേന്ദ്ര സര്ക്കാരുമായി ചര്ച്ച നടത്തുകയും. നിര്മ്മാണത്തിന് ഫണ്ട് അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നവംബറോടെ പാലം നിര്മാണത്തിന് തറക്കല്ലിടുമെന്നും മന്തി പറഞ്ഞു. പൂഴിത്തോട് - പടിഞ്ഞാറത്തറ ബദല് പാതയുടെ സര്വ്വെ ഇതുവരെ പൂര്ത്തിയായിട്ടില്ല. സര്വെ വേഗത്തിലാക്കാന് വിവിധ വകുപ്പുകളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ദുരന്തത്തിൽപ്പെട്ട രണ്ടുപേരെ കൂടി കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊതുമരാമത്ത് മന്ത്രി പികെ ബഷീറും വ്യക്തമാക്കി. അപകടസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊങ്കൺ റെയിൽവേ അധികൃതരുമായി ആശയവിനിമയം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് വീണ്ടും ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് നടന്ന യോഗത്തിൽ തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി ചർച്ച ചെയ്തിരുന്നുവെന്നും അന്ന് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇതുവരെ ഒരു ചോദ്യവും തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കുമെന്നും സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പടിഞ്ഞാറത്തറ, പൂഴിത്തോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളും സാങ്കേതിക പരിശോധനകളും പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂരല്മലക്കാര്ക്ക് യാത്രാ പ്രശ്നം ഉണ്ടാകില്ലെന്ന് മന്ത്രി ടി സിദ്ദിഖ്

കള്ളാടി മണ്ണിടിച്ചിലിനെ തുടര്ന്ന് ചൂരല്മല പ്രദേശത്തേക്ക് പോകുന്നവര്ക്ക് യാത്രാ പ്രശ്നം ഉണ്ടാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അപകടസ്ഥലത്തെ രക്ഷാപ്രവര്ത്തനങ്ങള് നീരീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്മലക്കാര്ക്ക് ഡോക്ടര്, നഴ്സ്, മരുന്ന് ഉള്പ്പെടെയുള്ള മെഡിക്കല് സൗകര്യവും മഴ തുടരുകയാണെങ്കില് പ്രദേശത്തുള്ളവര്ക്ക് പ്രത്യേക റേഷന് അനുവദിക്കാനും ക്രമീകരണം ഉറപ്പാക്കും.

ഇതിനായി പ്രദേശത്ത് താമസിക്കുന്നവരുടെ പട്ടിക തയാറാക്കാന് ജില്ലാ കലക്ടര്ക്ക് നിര്ദേശം നല്കിയതായും മന്ത്രി അറിയിച്ചു. അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്ന മണ്ണ് റോഡരികില് നിക്ഷേപിച്ചത് ക്രമീകരിക്കുമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

''ചൂരൽമലയിൽ തുടരുന്നവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. മരുന്നും ഡോക്ടർമാരും ഉൾപ്പെടെയുള്ള സേവനങ്ങളുമായി മൊബൈൽ ക്ലിനിക്ക് പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പൂർണമായും മാറ്റിപ്പാർപ്പിച്ചതായും റേഷൻ വിതരണം ഉൾപ്പെടെയുള്ള അവശ്യസൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും'' മന്ത്രി പറഞ്ഞു.

സംഭവത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News