Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 ജൂലൈ (H.S.)
സംസ്ഥാനത്ത് പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം കാപ്പ പ്രകാരമുള്ള നടപടികൾ അധികൃതർ ശക്തമാക്കുന്നു. കുപ്രസിദ്ധ ഗുണ്ടകൾ, റൗഡികൾ എന്നിവരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കരുതൽ തടങ്കലിൽ വെയ്ക്കുന്നതിനും നാടുകടത്തുന്നതിനും അല്ലെങ്കിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്.
നിയമപ്രകാരമുള്ള പ്രധാന നടപടിക്രമങ്ങളും നിർവചനങ്ങളും
കുപ്രസിദ്ധ ഗുണ്ട: കഴിഞ്ഞ 7 വർഷത്തിനിടയിൽ ചെയ്ത കുറ്റങ്ങൾക്ക് കോടതി ഒരിക്കലെങ്കിലും ശിക്ഷിച്ചവരോ, അല്ലെങ്കിൽ പൊലീസ് ഇതര പരാതികളിൽ ഒരേ സ്വഭാവമില്ലാത്ത രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരോ ആയ വ്യക്തികളാണ് ഈ പരിധിയിൽ വരുന്നത്. വ്യാജവാറ്റ്, കള്ളനോട്ട്, മണൽ-വനക്കൊള്ള, ലഹരിമരുന്ന് കടത്ത്, ഹവാല, പകർപ്പവകാശ ലംഘനം തുടങ്ങിയവയിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ പിടിക്കപ്പെടുന്നതും ഇതിൻ്റെ പരിധിയിൽ വരും.
കുപ്രസിദ്ധ റൗഡി: കഴിഞ്ഞ 7 വർഷത്തിനിടയിൽ ചെയ്ത ക്രിമിനൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, കോടതി കുറഞ്ഞത് ഒന്നോ രണ്ടോ തവണ ശിക്ഷിച്ചവരോ അല്ലെങ്കിൽ ഒരേ ഇടപാടിൻ്റെ ഭാഗമല്ലാത്ത മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ കുറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയവരോ ആയ വ്യക്തികളാണ്.
തടങ്കൽ പ്രക്രിയയും കാലാവധിയും
പൊലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്. തൊട്ടുമുൻപുള്ള ഏഴു വർഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതിൽ അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം.
ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് തർക്കം, കുടുംബ തർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിൻ്റെ പരിധിയിൽപ്പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.
കാപ്പ ചുമത്താനുള്ള നിർദേശം ഉപദേശക സമിതി അവലോകനം ചെയ്ത് സർക്കാരിന് സമർപ്പിക്കുന്നു. കാപ്പ പ്രകാരം പരമാവധി ആറ് മാസം വരെയാണ് ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ സാധിക്കുക. എന്നാൽ ജയിൽ മോചിതനായ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ, രണ്ടാമത്തെ തടങ്കൽ കാലാവധി ഒരു വർഷം വരെയാകാം.
നിയമപരമായ അവകാശങ്ങൾ
തടങ്കലിലാക്കപ്പെട്ട വ്യക്തിക്ക് ഇതിനെതിരെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് ഉത്തരവിനെ ചോദ്യം ചെയ്യാൻ അവകാശമുണ്ട്. കൂടാതെ, സെക്ഷൻ 13 (1) പ്രകാരം സർക്കാരിന് എപ്പോൾ വേണമെങ്കിലും ഈ ഉത്തരവ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയും. നിയമത്തിലെ സെക്ഷൻ 15 (1) (എ), (ബി) പ്രകാരം പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന കുറ്റവാളികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള സഞ്ചാര നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ജില്ലാ മജിസ്ട്രേറ്റിനും ഡിഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കുക, കർഫ്യൂ ഏർപ്പെടുത്തുക, അല്ലെങ്കിൽ സംസ്ഥാനത്തിനകത്തുള്ള സഞ്ചാരം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരമാവധി ഒരു വർഷം വരെയാണ് ഈ ഉത്തരവിൻ്റെ കാലാവധി.
അപ്പീൽ നൽകാനുള്ള അവകാശം
ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാധിതനായ വ്യക്തിക്ക് ഉപദേശക സമിതിക്ക് മുൻപാകെ അപ്പീൽ നൽകാം. നിവേദനം ലഭിച്ച് 30 ദിവസത്തിനകം ഹിയറിങ് നടത്തി ഉത്തരവ് നിലനിർത്തണോ റദ്ദാക്കണോ എന്ന് സമിതി തീരുമാനിക്കും. സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പാക്കുന്നതോടൊപ്പം തന്നെ, വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ജുഡീഷ്യൽ അവലോകന സാധ്യതകളും കാപ്പ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR