Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 ജൂലൈ (H.S.)
പിഎസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷിക്കാൻ ഐജി അജിത ബീഗത്തിൻ്റെ കീഴിൽ മൂന്നംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ തീരുമാനമായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ഐജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. സംഘത്തിൽ എസ്പി, ഡിവൈഎസ്പി എന്നിവരും ഉൾപ്പെടും.
പരീക്ഷ തട്ടിപ്പിൽ ഉടൻ ക്രൈംബ്രാഞ്ച് കേസെടുക്കില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷമേ വിഷയത്തിൽ തീരുമാനമെടുക്കൂ. കേസ് സംബന്ധിച്ച ഫയലുകൾ പിഎസ്സിയോട് ആവശ്യപ്പെടും. ഇതുവിട്ടു നൽകിയില്ലെങ്കിൽ നിയമപരമായി നീങ്ങും. അന്വേഷണത്തിന് സമയപരിധി തീരുമാനിച്ചിട്ടില്ലെന്നും വേഗത്തിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫിസ് ഇടിവി ഭാരതിനോട് പറഞ്ഞു. പിഎസ്സി സംബന്ധിച്ച അന്വേഷണത്തിൻ്റെ ടേംസ് ഓഫ് റഫറൻസും സമയപരിധിയും തീരുമാനിക്കുക ആഭ്യന്തര വകുപ്പാണെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഉയർന്നുവന്ന എല്ലാ ആരോപണങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരോപണ നിഴലിൽ വിവിധ പരീക്ഷകൾ
പിഎസ്സി നടത്തിയ വിവിധ പരീക്ഷകളാണ് ആരോപണ നിഴലിലുള്ളത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ഏറ്റവും ഉയർന്ന തസ്തികയായ ചീഫിൻ്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ ക്രമക്കേടിന് പുറമേ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയിലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫിൻ്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുകയായിരുന്നു. നിയമനം നേടിയയാൾ ഇടതു സംഘടനാ നേതാവാണെന്ന് ആരോപണമുണ്ട്.
കെഎഎസ് പരീക്ഷയിൽ ചോദ്യം തയാറാക്കിയതിലും മൂല്യനിർണയത്തിലും അഭിമുഖ പരീക്ഷയിലും രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് പരാതി ലഭിച്ചിട്ടുണ്ടെന്നും സ്ഥിരീകരണമുണ്ട്. നാലര ലക്ഷം പേർ പങ്കെടുത്ത പ്രാഥമിക പരീക്ഷ ഒഎംആർ രീതിയിലാണ് നടത്തിയിരുന്നത്. എന്നാൽ 12,000 ഉത്തരക്കടലാസുകൾ ഒഎംആർ മെഷീനുകൾ സ്വീകരിക്കുന്നില്ലെന്ന കാരണത്താൽ 21 പിഎസ്സി ഉദ്യോഗസ്ഥരെക്കൊണ്ടാണ് മൂല്യനിർണയം നടത്തിച്ചത്. 2020ലും ചില ആരോപണങ്ങൾ പരീക്ഷയെക്കുറിച്ച് ഉയർന്നിരുന്നു. ഇതും അന്വേഷിക്കാൻ പിഎസ്സി തയാറായിരുന്നില്ല.
അന്വേഷണച്ചുമതലയിലും വിവാദം
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫിൻ്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറാതെ പരീക്ഷാ കൺട്രോളർക്കാണ് നൽകിയത്. ഇത് വിവാദമാവുകയും അടുത്ത പിഎസ്സി യോഗത്തിൽ ചുമതല ആഭ്യന്തര വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷ: പിഎസ്സി ആഭ്യന്തര അന്വേഷണം ആരംഭിച്ചു
വിവാദമായ പിഎസ്സി പരീക്ഷയിലെ മൂല്യനിർണയത്തിലുണ്ടായ വീഴ്ചകൾ കണ്ടെത്താൻ പിഎസ്സി വിജിലൻസ് വിഭാഗം (വിജിലൻസ് ആൻഡ് ഇൻ്റേണൽ സെക്യൂരിറ്റി ഓഫിസർ - വിഎസ്ഒ) അന്വേഷണം തുടങ്ങിയിരുന്നു. പ്ലാനിങ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ തസ്തികയിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്വേഷണത്തിന് ആവശ്യമായ രേഖകൾ അദ്ദേഹം ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടും അവർ ശേഖരിച്ച രേഖകളുമടക്കം ഇദ്ദേഹത്തിന് കൈമാറിയിരുന്നു.
മൂല്യനിർണയ പ്രോട്ടോകോളും ഓൺ സ്ക്രീൻ മാർക്കിങ് സംബന്ധിച്ച സാങ്കേതിക വിവരങ്ങളുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുള്ളത്. എസ്പി സിനി എഫ് ഡെന്നിസിന് പുറമെ ഒരു ഡിവൈഎസ്പിയും എസ്ഐയും അടക്കമുള്ളതാണ് അന്വേഷണസംഘം. അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറും. പ്ലാനിങ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ പരീക്ഷകൾക്ക് പുറമെ മറ്റുപല പരീക്ഷകളെയും അഭിമുഖങ്ങളെയും സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ടെങ്കിലും അതൊന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR