Enter your Email Address to subscribe to our newsletters

Kasaragod,09 ജൂലൈ (H.S.)
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ അറബിക്കടൽ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ മേഖലകളിലെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി മൺസൂൺ എത്തിയതോടെയാണ് ഈ പ്രക്രിയ പൂർത്തിയായത്.
സാധാരണയായി ജൂലൈ 8-ഓടെ രാജ്യം മുഴുവൻ വ്യാപിക്കാറുള്ള കാലവർഷം, ഇത്തവണ ഒരു ദിവസം വൈകി ജൂലൈ 9-നാണ് ലക്ഷ്യം കണ്ടത്. ചരിത്രത്തിൽ ഏറ്റവും വൈകി മൺസൂൺ രാജ്യം മുഴുവൻ വ്യാപിച്ചത് 2002-ലായിരുന്നു (ജൂൺ 9-ന് ആരംഭിച്ച് ഓഗസ്റ്റ് 15-നാണ് പൂർത്തിയായത്).
ദേശീയതലത്തിൽ റെക്കോർഡ് മഴ, കേരളത്തിൽ കുറവ്
ജൂൺ 1 മുതൽ ജൂലൈ 9 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലാകെ 37 ശതമാനം അധിക മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്.
എന്നാൽ, ദേശീയ തലത്തിലെ ഈ ഉയർന്ന മഴക്കണക്കുകൾക്കിടയിലും കേരളത്തിൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 25 ശതമാനം കുറവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
കേരളത്തിലെ അലെർട്ടുകളും വരുംദിന പ്രവചനവും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. എങ്കിലും ഇന്ന് ചില ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില് ഇന്ന് (ജൂലൈ 9) ഓറഞ്ച് അലെര്ട്ടും കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളില് ഇന്ന് യെല്ലോ അലെർട്ടും നല്കിയിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില് നാളെ (ജൂലൈ 10) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 11 മുതൽ സംസ്ഥാനത്ത് നിലവിൽ മഴ മുന്നറിയിപ്പുകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ മഴ പൂർണമായും കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (09/07/2026) വൈകുന്നേരം 5.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR