ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് വിശ്വസിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവ് ഒടുവിൽ കൊലപാതകശ്രമക്കേസിൽ അഴികൾക്കുള്ളിലായി.
Kozhikode , 09 ജൂലൈ (H.S.) ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് വിശ്വസിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവ് ഒടുവിൽ കൊലപാതകശ്രമക്കേസിൽ അഴികൾക്കുള്ളിലായി. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മരിച്ചെന്നു കരുതിയ ഭാര്യയ്ക്ക് ജീവനുണ്ടെന
Murder case


Kozhikode , 09 ജൂലൈ (H.S.)

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് വിശ്വസിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഭർത്താവ് ഒടുവിൽ കൊലപാതകശ്രമക്കേസിൽ അഴികൾക്കുള്ളിലായി. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മരിച്ചെന്നു കരുതിയ ഭാര്യയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു. പുതിയങ്ങാടി കോയറോഡ് ബീച്ചിൽ തൈക്കുട്ടം പറമ്പിൽ സക്കീർ (49) ആണ് ഈ നാടകീയ സംഭവങ്ങൾക്കൊടുവിൽ വെള്ളയിൽ പൊലീസിൻ്റെ പിടിയിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കോഴിക്കോട് നഗരത്തെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.

സ്റ്റേഷനിലെത്തിയ ഭർത്താവ് കുറ്റസമ്മതം നടത്തി

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മത്സ്യത്തൊഴിലാളിയായ സക്കീർ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു കയറിയത്. തൻ്റെ ഭാര്യ നസീലയെ (48) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. ആദ്യം വിശ്വസിക്കാതിരുന്ന പൊലീസ് സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി വിശദമായി വിവരം ശേഖരിച്ച ശേഷം രണ്ട് പൊലീസുകാരെ പുതിയങ്ങാടിയിലുള്ള ഇയാളുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

പൊലീസ് എത്തിയ വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും സക്കീറിൻ്റെ വീട്ടിലേക്ക് ഓടിയെത്തി. എന്നാൽ അകത്തുകയറി പരിശോധിച്ച പൊലീസിനും നാട്ടുകാർക്കും ഒരേസമയം അത്ഭുതവും ആശ്വാസവും നൽകിക്കൊണ്ട് നസീലയ്ക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടു. ഉടൻ തന്നെ അവരെ തൊട്ടടുത്ത ഗവ. ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ പൾസും രക്തസമ്മർദ്ദവും അല്പം ഉയർന്ന നിലയിലായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ ഓക്സിജൻ നൽകുകയും തുടർവിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നസീലയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അവർ അപകടാവസ്ഥ തരണം ചെയ്തതായി വെള്ളയിൽ ഇൻസ്പെക്ടർ എസ്. സുജിത്ത് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

കുടുംബവഴക്ക് കൊലപാതകശ്രമത്തിൽ കലാശിച്ചു

സക്കീർ നസീല ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണുള്ളത്. മൂവരുടെയും വിവാഹം കഴിഞ്ഞതാണ്. മൂന്നാമത്തെ മകളുടെ വിവാഹത്തിന് ശേഷമാണ് വീട്ടിൽ കുടുംബവഴക്ക് പതിവായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തർക്കം അതിരൂക്ഷമാവുകയും ഇതിൻ്റെ വിരോധത്തിൽ സക്കീർ ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. ബോധരഹിതയായി വീണ നസീല മരിച്ചുവെന്ന് ഉറപ്പിച്ചാണ് ഇയാൾ നേരെ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചത്.

കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതി

ഭാര്യ മരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ സ്റ്റേഷനിലിരുന്ന സക്കീറും പതറിപ്പോയി. കൊലക്കുറ്റത്തിന് ജയിലിൽ കിടക്കാൻ വന്ന ഇയാൾക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് സംഭവിച്ചുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് പ്രതി സക്കീർ പൊട്ടിക്കരയുകയായിരുന്നു എന്ന് ഇൻസ്പെക്ടർ എസ്.സുജിത്ത് പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംഭവിച്ചു പോയതിനെക്കുറിച്ച് ഭർത്താവിന് പിന്നീട് ബോധ്യം വന്നതായും കോടതിയിൽ ഹാജരാക്കിയ സമയത്ത് ഇയാൾ കരയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News