Enter your Email Address to subscribe to our newsletters

Ernakulam , 09 ജൂലൈ (H.S.)
അറബിക്കടലിൽ ഒരു നാടിൻ്റെ മുഴുവൻ കണ്ണീരും പേറി 'എം.വി കൈരളി' എന്ന കപ്പൽ മറഞ്ഞിട്ട് 47 വർഷം പിന്നിടുമ്പോഴും, ആ ദുരന്തം ഇന്നും കേരളത്തിൻ്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. മലയാളി കപ്പിത്താൻ ക്യാപ്റ്റൻ മരിയദാസ് ജോസഫ് ഉൾപ്പെടെ 23 മലയാളികളും മറ്റ് 28 പേരുമായി കാണാതായ കേരള ഷിപ്പിങ് കോർപ്പറേഷൻ്റെ സ്വന്തം ചരക്കുകപ്പലിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് നാലരപ്പതിറ്റാണ്ടിനിപ്പറവും ഉത്തരമില്ല. ശാസ്ത്രം ഇത്രമേൽ വളർന്നിട്ടും പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന ഒരു തലമുറ പ്രതീക്ഷകൾ കൈവിട്ടെങ്കിലും, ഈ തിരോധാനത്തിൽ ഇനിയുമൊരു അന്വേഷണം വേണമോയെന്ന് ഇന്നത്തെ തലമുറ തീരുമാനിക്കട്ടെയെന്ന് ക്യാപ്റ്റൻ്റെ മകൻ ലെഫ്റ്റനൻ്റ് കേണൽ തോമസ് ജോസഫ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.
പ്രതീക്ഷകളുടെ യാത്രയും അവസാന സന്ദേശവും
1979 ജൂൺ 30നാണ് എം.വി കൈരളിയുടെ ഇനിയൊരു തിരിച്ചുവരവില്ലാത്ത ഇരുപത്തിമൂന്നാമത് യാത്ര ആരംഭിക്കുന്നത്. ഗോവയിലെ മോർമുഗാവ് തുറമുഖത്തുനിന്നും 20,000 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമനിയിലെ റോസ്റ്റോക്ക് ലക്ഷ്യമാക്കിയാണ് കപ്പൽ പുറപ്പെട്ടത്. യാത്രാമധ്യേ ജിബൂട്ടിയിൽനിന്ന് ഇന്ധനം നിറച്ച്, ചെങ്കടലും സൂയസ് കനാലും കടന്ന്, മെഡിറ്ററേനിയൻ കടൽ വഴി ജൂലൈ പത്തിനകം ജർമനിയിൽ എത്തിച്ചേരേണ്ടതായിരുന്നു.
യാത്ര തുടങ്ങി ദിവസവും ഒരു തവണ കപ്പലിൽനിന്ന് ഓഫിസിലേക്ക് സന്ദേശങ്ങൾ അയക്കുമായിരുന്നു. ബോംബെയിലെ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്ട്മെൻ്റിൻ്റെ മാരിടൈം വയർലെസ് സ്റ്റേഷൻ വഴിയാണ് ഈ സന്ദേശങ്ങൾ അയച്ചിരുന്നത്. ജൂലൈ ഒന്നിന് കപ്പലിൽനിന്ന് ബോയ്ലറിൻ്റെ എക്സോസ്റ്റ് പൈപ്പ് പൊട്ടിയെന്നും താത്കാലികമായി പരിഹരിച്ചുവെന്നുമുള്ള സന്ദേശമാണ് ആദ്യം ലഭിച്ചത്. ജൂലൈ രണ്ടിന് ഉച്ചയ്ക്ക് കപ്പലിൻ്റെ സ്ഥാനം ഗോവൻ തീരത്തുനിന്ന് ഏകദേശം 600 മൈൽ അകലെയായിരുന്നു. അന്ന് അയച്ച സന്ദേശത്തിൽ ജൂലൈ എട്ടിന് ജിബൂട്ടിയിലോ ഏഡനിലോ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. തുടർന്ന് ജൂലൈ മൂന്നിന് രാത്രി 8.55ന് തങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തെക്കുറിച്ചാണ് സന്ദേശമെത്തിയത്. അതിനുശേഷം എം.വി കൈരളിയിൽനിന്നും ഒരു വിവരവും ലഭിച്ചില്ല.
അധികൃതരുടെ അനാസ്ഥയും വൈകിയ തിരച്ചിലും
കപ്പലിൽനിന്നുള്ള സന്ദേശങ്ങൾ നിലച്ചിട്ടും ഉടമസ്ഥരായ അന്നത്തെ കേരള ഷിപ്പിങ് കോർപ്പറേഷൻ പുലർത്തിയത് കടുത്ത അനാസ്ഥയായിരുന്നുവെന്നാണ് ആരോപണം. ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ കമ്പനി അയച്ച സന്ദേശങ്ങളൊന്നും കപ്പൽ സ്വീകരിച്ചിരുന്നില്ല. കപ്പലിൽനിന്ന് ഒരു സന്ദേശവും ലഭിക്കാതിരിക്കുകയും കമ്പനിയുടെ സന്ദേശങ്ങളൊന്നും സ്വീകരിക്കപ്പെടാതെ മടങ്ങുകയും ചെയ്തിട്ടുപോലും അധികൃതർ കാര്യമായി ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് ഉയർന്നത്.
പിന്നീട് ജൂലൈ ഒൻപതിന് കപ്പൽ ജിബൂട്ടിയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിവസവും കഴിഞ്ഞ് അടുത്ത ദിവസമാണ് വിവരങ്ങൾ തേടി കമ്പനി അവിടുത്തെ ഏജൻ്റുമായി ബന്ധപ്പെടുന്നത്. തുടർന്ന് ജൂലൈ 12നാണ് ഇന്ത്യൻ നാവികസേനയ്ക്ക് കപ്പൽ കാണാതായ വിവരം കൈമാറുന്നത്. ഒടുവിൽ നാവികസേന തിരച്ചിൽ ആരംഭിച്ചത് കപ്പൽ കാണാതായി 10 ദിവസം കഴിഞ്ഞാണ്. ഇന്ത്യൻ നേവിയെക്കൂടാതെ അമേരിക്ക, യു.എസ്.എസ്.ആർ എന്നീ രാജ്യങ്ങളുടെ നാവികസേനകളും അറബിക്കടലിൻ്റെ പടിഞ്ഞാറൻ മേഖലയിലെ വിവിധ തുറമുഖ അതോറിറ്റികളും അന്വേഷണം നടത്തിയെങ്കിലും എം.വി കൈരളിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
ജൂലൈ അവസാനത്തോടെ ലൈഫ് ബോയ് പോലുള്ള എന്തോ കടലിൽ ഒഴുകിനടക്കുന്നത് കണ്ടുവെന്ന് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓയിൽ ടാങ്കറിലെ ജീവനക്കാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇത് എടുക്കാനോ അന്വേഷണം നടത്താനോ ഉടമസ്ഥരായ കേരള ഷിപ്പിങ് കോർപ്പറേഷൻ തയാറായില്ലെന്നാണ് കാണാതായവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
കുടുംബങ്ങളുടെ കണ്ണീരും ദുരൂഹതകളുംകപ്പൽ കാണാതാകുമ്പോൾ 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ക്യാപ്റ്റൻ മരിയദാസ് ജോസഫിൻ്റെ മകൻ ലെഫ്റ്റനൻ്റ് കേണൽ തോമസ് ജോസഫ് ആ കറുത്ത ദിനങ്ങളെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിച്ചു. തൻ്റെ പിതാവ് ഉൾപ്പെടെ എം.വി കൈരളിയിലുണ്ടായിരുന്ന ജീവനക്കാർ തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യത്തിന് അന്ന് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാൻപോലും സാധിച്ചില്ലെന്നും ജീവിച്ചിരിക്കുന്നവർക്ക് ആ പ്രതിസന്ധിയെ മറികടന്ന് മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അതെന്നും അദ്ദേഹം അനുസ്മരിച്ചു. ചെറിയൊരു നഷ്ടപരിഹാരം നൽകി സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്ക് പിതാവിനെക്കുറിച്ച് ചെറിയ ഓർമകൾ മാത്രമാണുള്ളതെന്ന് ലെഫ്റ്റനൻ്റ് കേണൽ തോമസ് ജോസഫ് പറയുന്നു. സൈനിക സ്കൂളിൽ പഠിച്ചിരുന്നതിനാൽ പിതാവിനെ കാണാൻ കൂടുതൽ കഴിഞ്ഞിട്ടില്ല. കാണാതാകുന്നതിന് ഒരു മാസം മുൻപ് കപ്പലിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. അതായിരുന്നു പപ്പയെ മനസ്സിലാക്കാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും ലഭിച്ച ആദ്യത്തെ അവസരം. മുംബൈയിൽവച്ചാണ് അവസാനമായി പപ്പയെ താൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ജോസഫ് അഞ്ച് വർഷമെടുത്ത് എഴുതിയ 'ദി മാസ്റ്റർ മറൈനർ' എന്ന പുസ്തകത്തിലും കപ്പൽ കടലാഴങ്ങളിൽ എവിടെയോ മുങ്ങിത്താഴ്ന്നിരിക്കാമെന്ന തൻ്റെ ദൃഢവിശ്വാസം വ്യക്തമാക്കിയിട്ടുണ്ട്. അന്ന് ആ കപ്പലിൽ ചീഫ് എൻജിനീയറുടെ ഭാര്യയും ഒരു പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നുവെന്നതും ഒരു നോവായി അവശേഷിക്കുന്നു.
റാഞ്ചൽ കഥകളും ഇൻഷുറൻസ് വിവാദവുംകപ്പൽ വാങ്ങിയത് അഞ്ച് കോടിക്കാണെങ്കിലും ഇൻഷുർ ചെയ്തിരുന്നത് കൂടിയ തുകയായ ആറ് കോടിക്കായിരുന്നു. ഇതായിരിക്കാം കപ്പൽ അപ്രത്യക്ഷമാകാൻ കാരണമെന്ന പ്രചാരണവും ഉയർന്നുവന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കപ്പലിനെക്കുറിച്ച് ഇത്തരമൊരു ആരോപണമുന്നയിക്കുന്നത് ബാലിശമായിരുന്നു. കപ്പൽ കാണാതായതിന് പിന്നാലെ ജീവനക്കാരുടെ ബന്ധുക്കൾക്ക് നേരിയ പ്രതീക്ഷ നൽകിക്കൊണ്ട് പല ഊഹാപോഹങ്ങളും പരന്നിരുന്നു. ഹോൺ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന, കടൽക്കൊള്ളയ്ക്ക് പേരുകേട്ട മേഖലയിലൂടെയായിരുന്നു കപ്പലിൻ്റെ സഞ്ചാരപാത. അതിനാൽ കപ്പൽ റാഞ്ചിയിരിക്കാമെന്ന് പലരും വിശ്വസിച്ചു.
എസ്.എസ് വിശ്വനിധി എന്ന കപ്പലിന് ജൂലൈ 15ന് കൈരളിയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു എന്ന വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ കൊയാലി എന്ന മറ്റൊരു കപ്പലിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് പിന്നീട് വ്യക്തമായി. പാൻ അറബ് ഷിപ്പിങ് ആൻഡ് ട്രാൻസ്പോർട്ട് എന്ന കമ്പനി കപ്പലിനെ കണ്ടെത്താൻ സഹായിക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. കപ്പലിനെ കണ്ടെത്തിയാൽ മാത്രം പ്രതിഫലമായി മൂന്ന് ലക്ഷം യു.എസ് ഡോളർ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം. കാണാതായവരുടെ ബന്ധുക്കളുടെ നിർബന്ധപ്രകാരം ആ കമ്പനിയുടെ മലയാളി കൂടിയായ മാനേജിങ് ഡയറക്ടർ ജോർജ് ഡാനിയലുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. കേരള ഷിപ്പിങ് കോർപ്പറേഷൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കാതെ കമ്പനി പിന്മാറുകയായിരുന്നു.
ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾഅന്നത്തെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എൻ നാരായണ മേനോനായിരുന്നു കൈരളി കപ്പലിൻ്റെയും അതിലെ 51 പേരുടെയും തിരോധാനം സംബന്ധിച്ച അന്വേഷണത്തിൻ്റെ ചുമതല. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്ത് 1982 ഡിസംബർ 31ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. 20,000 ടൺ ചെറുകട്ടകളുടെ രൂപത്തിലുള്ള ഇരുമ്പയിരാണ് കപ്പലിൽ കയറ്റിയിരുന്നത്. കപ്പലിൻ്റെ അംഗീകൃതമായ ശേഷി കണക്കിലെടുക്കുമ്പോൾ കപ്പലിൽ അമിതഭാരമുണ്ടായിരുന്നുവെന്ന് പറയാനാവില്ല. ഗോവയിൽനിന്ന് പുറപ്പെടുമ്പോൾ കപ്പലിൻ്റെ രണ്ട് റഡാറുകളും പ്രവർത്തിച്ചിരുന്നില്ല. പ്രവർത്തനക്ഷമമല്ലാത്ത റഡാറുമായി യാത്ര പുറപ്പെടുന്നതിൽ ക്യാപ്റ്റൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ കമ്പനി അത് അവഗണിക്കുകയായിരുന്നു. ഇതിനു തൊട്ടുമുൻപത്തെ യാത്രയിലും റഡാർ പ്രവർത്തിച്ചിരുന്നില്ല.
അനുഭവസമ്പത്തുള്ള ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം എല്ലാ വശങ്ങളും വിലയിരുത്തിയ ശേഷം റഡാറില്ലാത്ത യാത്രയ്ക്ക് തയാറെടുത്തത് പൂർണമായും അദ്ദേഹത്തിൻ്റെ തീരുമാനത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്. മൺസൂൺ ശക്തമായ കാലത്ത് അറബിക്കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പൽ റാഞ്ചാൻ കടൽക്കൊള്ളക്കാർ ശ്രമിക്കില്ല എന്നതിനാൽ ആ സാധ്യതയും അന്വേഷണ കമ്മിഷൻ തള്ളിക്കളഞ്ഞു.
മൂന്ന് കൊല്ലത്തിനുശേഷവും മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ബന്ധപ്പെട്ടിട്ടില്ലയെന്നതും ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്നതായിരുന്നു. കടലിലെ പ്രതികൂല കാലാവസ്ഥയായിരുന്നു കോടതി പരിഗണിച്ച പ്രധാന കാരണം. എം.വി കൈരളി അറബിക്കടലിൻ്റെ ആഴങ്ങളിലെ ജലക്കല്ലറയിൽ സുഖനിദ്രയിലാണ്, അതിൻ്റെ ശാന്തതയും സ്വച്ഛതയും തകർക്കുന്ന ഒന്നും ഇനി പറയുകയോ ചെയ്യുകയോ വേണ്ടതില്ലെന്നും അതിൻ്റെ ഭാഗധേയം സംബന്ധിച്ച എല്ലാ വിവാദങ്ങളും ഇതോടെ അവസാനിപ്പിക്കാമെന്നുമുള്ള വിലയിരുത്തലാണ് കോടതി നടത്തിയത്.
അവശേഷിക്കുന്ന ചോദ്യങ്ങളും ലോയ്ഡ്സിൻ്റെ വിലയിരുത്തലുംമൂന്ന് വർഷത്തിനുശേഷം സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ട് കപ്പലിൻ്റെ അപ്രത്യക്ഷമാകലിനു പിന്നിലെ നിഗൂഢത നീക്കുന്നതിൽ പരാജയമായിരുന്നു. കപ്പൽ കാണാതായത് എങ്ങനെയെന്നതിൻ്റെ കൃത്യമായ കാരണം ഈ റിപ്പോർട്ട് നൽകുന്നില്ലെന്ന വിമർശനമുയർന്നിരുന്നു. അറബിക്കടലിൽ കടൽക്ഷോഭത്തിൽപ്പെട്ട് കപ്പൽ നഷ്ടമായെന്ന നിഗമനം മാത്രമാണ് അത് മുന്നോട്ടുവയ്ക്കുന്നത്. ഷിപ്പിങ് കോർപ്പറേഷനാകട്ടെ, കപ്പലിൻ്റെ ഇൻഷുറൻസ് തുക നേടിയെടുക്കാൻ കാണിച്ച ജാഗ്രത കാണാതായവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാണിച്ചില്ലെന്നാണ് ആരോപണം. വാണിജ്യ നാവികമേഖലയിലെ പ്രമുഖ അന്താരാഷ്ട്ര അതോറിറ്റിയായ ലണ്ടനിലെ ലോയ്ഡ്സിൻ്റെ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെയും നിലപാട് കപ്പൽ മുങ്ങിയിരിക്കാമെന്നായിരുന്നു.
1982 സെപ്റ്റംബർ 30ന് ക്യാപ്റ്റൻ്റെ ഭാര്യ മേരിക്കുട്ടിക്കയച്ച കത്തിൽ അവർ തങ്ങളുടെ ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്ഷോഭിച്ച കടലിലെ ഉയർന്ന തിരകൾ ഇരുമ്പയിരിനെ തെന്നിനീക്കിയതുമൂലം രക്ഷാസന്ദേശം അയക്കാനുള്ള അവസരംപോലും ലഭിക്കാതെ കപ്പൽ പൊടുന്നനെ മുങ്ങിയിരിക്കാം എന്നാണ് തങ്ങളുടെ നിഗമനമെന്ന് ലോയ്ഡ്സ് കത്തിൽ വിശദീകരിച്ചു. ശാസ്ത്രസാങ്കേതികരംഗം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ, കേരളത്തിൻ്റെ സ്വന്തം കപ്പലിന് യഥാർഥത്തിൽ എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ പുനരന്വേഷണം വേണമോ എന്ന് ഇന്നത്തെ തലമുറ തീരുമാനിക്കട്ടെയെന്നാണ് ക്യാപ്റ്റൻ്റെ മകൻ ലെഫ്റ്റനൻ്റ് കേണൽ തോമസ് ജോസഫ് അഭിപ്രായപ്പെടുന്നത്. അരനൂറ്റാണ്ടോളം നെഞ്ചിലൊതുക്കിയ ആ വേദനയുമായി കൈരളിയുടെ ഓർമ പുതുക്കുമ്പോൾ, കടലാഴങ്ങളിൽ ഒരടയാളവും ബാക്കിവയ്ക്കാതെ മാഞ്ഞുപോയെന്ന് കരുതുന്ന 51 പേരും കേരളത്തിൻ്റെ കണ്ണീരോർമയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR