Enter your Email Address to subscribe to our newsletters

Ernakulam , 09 ജൂലൈ (H.S.)
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം. ജോലി തേടിയെത്തിയ യുവാക്കളെ തടഞ്ഞുവച്ച് മർദിച്ച ആറംഗ സംഘം, ഇവരെ വിവസ്ത്രരാക്കി മുറിയിലടയ്ക്കുകയും നിർബന്ധിച്ച് തല മൊട്ടയടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മുഹമ്മദ് അൽഫാസ് (20), ആൽവിൻ ഷാജി (20), മാരമ്പിള്ളി സ്വദേശി ഗോകുൽ ദീപക് (18) എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ കണ്ടന്തറ ഭായി കോളനിക്ക് സമീപമുള്ള ടോപ്പ്സ് സോഡ കമ്പനിക്ക് മുൻവശത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് സോഡാ കമ്പനിയിൽ ഒഴിവുവന്ന ജോലിക്ക് സൂപ്പർവൈസർ വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു മൂവരും. എന്നാൽ കമ്പനിക്ക് ഉള്ളിലേക്ക് കയറുന്നതിന് മുൻപ് തന്നെ പ്രതികൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
ക്രൂരമായ മർദനവും വിചാരണയും
കഞ്ചാവ് വിൽപനക്കാരാണെന്ന് ആരോപിച്ചായിരുന്നു യുവാക്കൾക്ക് നേരെയുള്ള അതിക്രമം. നീയൊക്കെ എന്തിനാണ് ഇവിടെ വന്നത് എന്ന് ചോദിച്ച് അസഭ്യവർഷം നടത്തിയ സംഘം, അങ്ങേയറ്റം അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് യുവാക്കളെ മാനസികമായി തളർത്തി. ലഹരി വിൽപനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അക്രമികൾ ചെവിക്കൊണ്ടില്ല. തുടർന്ന് പ്രതികൾ യുവാക്കൾക്ക് ചുറ്റും അണിനിരന്ന് ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. നിയമവിരുദ്ധമായി സംഘം ചേർന്ന് തടഞ്ഞുവച്ചായിരുന്നു ഈ ആൾക്കൂട്ട വിചാരണ.
മുറിയിൽ പൂട്ടിയിട്ട് വിവസ്ത്രരാക്കി, ബാർബറെ വിളിച്ച് മൊട്ടയടിപ്പിച്ചു
മർദനത്തിന് ശേഷം ഒന്നു മുതൽ ആറു വരെയുള്ള പ്രതികളിൽ പ്രധാനികളായ രണ്ടുപേർ ചേർന്ന് അൽഫാസിനെയും സുഹൃത്തായ ആൽവിനെയും അടുത്തുള്ള സോഡാ കമ്പനിയുടെ മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. ഇവിടെ വച്ച് യുവാക്കളെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും വിവസ്ത്രരാക്കി അപമാനിക്കുകയും ചെയ്തു. ഇതിനുശേഷവും ക്രൂരത അവസാനിപ്പിക്കാൻ അക്രമികൾ തയ്യാറായില്ല.
യുവാക്കളെ മുറിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം, സമീപത്തെ ബാർബർ ഷോപ്പിൽ നിന്നും ഒരു അതിഥിത്തൊഴിലാളിയെ ഭീഷണിപ്പെടുത്തി വിളിച്ചുകൊണ്ടുവന്നു. തുടർന്ന് മൂന്ന് യുവാക്കളെയും നടുറോഡിൽ മുട്ടുകുത്തിച്ച് നിർത്തിയ ശേഷം, ട്രിമ്മർ ഉപയോഗിച്ച് ബലമായി മുടി വടിച്ചു കളയുകയായിരുന്നു. അക്രമത്തിന് ശേഷം വെട്ടിമാറ്റിയ മുടി യുവാക്കളെക്കൊണ്ട് തന്നെ നിർബന്ധിതമായി എടുപ്പിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
യുവാക്കളെ പരസ്യമായി ദേഹോപദ്രവം ഏൽപ്പിക്കണമെന്നും മുടി വടിച്ച് കടുത്ത രീതിയിൽ അപമാനിക്കണമെന്നുമുള്ള മുൻകൂട്ടിയുള്ള താത്പര്യത്തോടും കരുതലോടെയുമാണ് പ്രതികൾ ഒത്തുചേർന്നതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ യുവാക്കൾ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇത്തരം സമാന്തര വിചാരണകളും ആൾക്കൂട്ട ആക്രമണങ്ങളും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് പെരുമ്പാവൂർ പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR