Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 ജൂലൈ (H.S.)
കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ.സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-രണ്ട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13 ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. എന്നാല്, ഈ ഉത്തരവ് കോടതിയുടെ പരിധിയിലുള്ള കേസുകൾക്ക് മാത്രമാണ് ബാധകമെന്നും കാപ്പ തടങ്കലിന്മേൽ ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, കാപ്പ നടപടികളിലും ഇളവ് ലഭിച്ചാൽ മാത്രമേ പ്രതിക്ക് പുറത്തിറങ്ങാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല് ഹൈക്കോടതി ജഡ്ജിയുടെ മേല്നോട്ടത്തിലുള്ള കാപ്പ ഉപദേശക സമിതി അനുവദിച്ചാല് മാത്രമേ സുഗതന് ജയില് മോചിതനാകൂ. ഇതിനുള്ള നിയമനടപടികള് സുഗതന് ആരംഭിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ 296(b), 118(1), 110, 3(5) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് സുഗതനെതിരേ ചുമത്തിയിട്ടുള്ളത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക്, ഹൈക്കോടതി ഉത്തരവ് പ്രകാരം കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. 2026 ജൂലൈ 14-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിയും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതി കാപ്പ (KAAPA) നിയമപ്രകാരമുള്ള കരുതൽ തടങ്കലിൽ കൂടിയായതിനാലും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാലും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹർജിയെ ശക്തമായി എതിർത്തു. എന്നാൽ, ജാമ്യാപേക്ഷ പൂർണ്ണമായി തീർപ്പാക്കുന്നതിന് മുൻപ് പ്രത്യേക സാഹചര്യങ്ങളിൽ ഇടക്കാല ജാമ്യം നൽകാൻ കോടതിക്ക് അധികാരമുണ്ടെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ജനപ്രതിനിധിയായ ഹർജിക്കാരന് ഹൈക്കോടതി നിർദ്ദേശപ്രകാരം സത്യപ്രതിജ്ഞ ചെയ്യേണ്ടതുള്ളതിനാൽ അനുമതി നിഷേധിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങളെ കർശനമായ നിബന്ധനകളിലൂടെ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി 2026 ജൂലൈ 13 വൈകുന്നേരം 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് യാത്രാസമയം ഉൾപ്പെടെയുള്ള ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹർജിക്കാരൻ ഒരു ലക്ഷം രൂപയുടെയും തുല്യ തുകയ്ക്കുള്ള മറ്റ് രണ്ട് പേരുടെ ജാമ്യത്തിലും ബോണ്ട് ഒപ്പിടേണ്ടതുണ്ട്. ജൂലൈ 14-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോർപ്പറേഷൻ മെയിൻ ഓഫീസിലെ കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ട പ്രതി 11.30-ന് മുൻപായി അവിടെനിന്ന് മടങ്ങണം. ഇടക്കാല ജാമ്യകാലയളവിൽ പത്ര-ദൃശ്യ മാധ്യമങ്ങൾക്കോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കോ യാതൊരുവിധ പ്രസ്താവനകളും നൽകാൻ പാടില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ഈ അനുമതിയെന്നും മറ്റ് യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ഈ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും നിബന്ധനയുണ്ട്.
ജൂലൈ 14 രാത്രി 9 മണിക്ക് മുൻപായി വിയ്യൂർ സെൻട്രൽ ജയിൽ അധികൃതർക്ക് മുന്നിൽ പ്രതി തിരികെ ഹാജരാകണം. നിബന്ധനകൾ പാലിച്ചോ എന്ന് വ്യക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ് ചീഫും ജയിൽ സൂപ്രണ്ടും ജൂലൈ 16-നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ചടങ്ങുകൾ സമയബന്ധിതമായി നടത്താൻ കോർപ്പറേഷൻ സെക്രട്ടറിയും ആവശ്യമായ ക്രമസമാധാനപാലനത്തിന് പൊലീസ് ചീഫും നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കാപ്പാ കേസിൽ ബിജെപി കൗൺസിലർ ആർ സുഗതന് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും, കരുതല് തടങ്കടിലുള്ള പ്രതിയുടെ കാര്യത്തില് ഈ ഉത്തരവ് നിലനില്ക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും നിയമജ്ഞനുമായ അഡ്വക്കേറ്റ് സുരേഷ് വണ്ടന്നൂര് ഇ ടിവി ഭാരതിനോടു പറഞ്ഞു. കാപ്പ നിയമം ഒരു സ്വതന്ത്ര പ്രതിരോധ തടങ്കല് കസ്റ്റഡിയാണ്. അതിനാല് കാപ്പ ഉത്തരവ് പ്രത്യേകം സ്റ്റേ ചെയ്യിക്കുകയോ റദ്ദാക്കുകയോ ആണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സുഗതൻ്റെ കാര്യത്തില് കാപ്പ ഉത്തരവ് ഹൈക്കോടതിയോ സുപ്രീം കോടതിയോ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തില് പുറത്തിറങ്ങാന് കഴിയില്ല. ഈ സാഹചര്യത്തില് കൗണ്സിലറായി വീണ്ടും സത്യ പ്രതിജ്ഞ ചെയ്യാന് പുറത്തിറങ്ങണമെങ്കില് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR