Enter your Email Address to subscribe to our newsletters

Kasaragod , 09 ജൂലൈ (H.S.)
പ്ലസ്വൺ വിദ്യാർഥിയ്ക്ക് നേരെ സീനിയേഴ്സ് ക്ലാസുകാരുടെ ക്രൂരമായ റാഗിങ്ങും മര്ദ്ദനവും. കാസർകോട് ബെള്ളൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദിച്ചത്.
ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയായിരുന്നു മർദനമെന്ന് സൽമാനുൽ ഫാരിസ് ഇ ടിവി ഭാരതിനോട് പറഞ്ഞു. തല ഗ്രില്ലിൽ ഇടിപ്പിച്ചെന്നും നെഞ്ചത്ത് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. ചവിട്ടിയതിൻ്റെ പാടുകൾ ഷർട്ടിൽ കാണാൻ സാധിക്കും. കാലിൻ്റെ മുട്ടിനും പരുക്കേറ്റു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു എന്ന് സൽമാനുവൽ ഫാരിസ് പറഞ്ഞു. തല ഗ്രില്ലിൽ ഇടിക്കുന്ന ശബ്ദം കേട്ടാണ് അധ്യാപകർ എത്തിയത്. ഇപ്പോൾ കൈ പൊക്കാൻ സാധിക്കുന്നില്ലെന്നും സൽമാനുൽ ഫാരിസ് കൂട്ടിച്ചേർത്തു. രാവിലെ വെള്ളം എടുക്കാൻ പോയപ്പോഴാണ് ഷർട്ടിൻ്റെ ബട്ടൻ മുഴുവൻ ഇടണം എന്ന് പറഞ്ഞു പ്ലസ് ടു വിദ്യാർഥികൾ എത്തിയത്. നിങ്ങളും ബട്ടൺ ഇട്ടില്ലല്ലോ ചോദിച്ചപ്പോൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും സൽമാനുൽ പറയുന്നു.
സ്കൂളിൽ റാഗിങ് വർധിക്കുന്നു
കഴിഞ്ഞ ദിവസം കുമ്പളയിലും റാഗിങിൻ്റെ പേരിൽ മർദനമുണ്ടായി. കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നിഹാലിനാണ് മർദനമേറ്റത്. സ്കൂൾ വിട്ട് മടങ്ങവേ കുമ്പള ടൗണിൽ വച്ചാണ് സീനിയേഴ്സിൻ്റെ മർദനമേറ്റത്. പത്താം ക്ലാസ് വിദ്യാർഥികൾ കൂട്ടംചേർന്ന് മർദിച്ചെന്ന് നിഹാൽ പറഞ്ഞു. പിന്നാലെ പരിക്കേറ്റ നിഹാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില് കുമ്പള പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മുമ്പ് മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥികൾക്കും നേരെയും റാഗിങ് ഉണ്ടായിട്ടുണ്ട്. ആദ്യം മർദിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വീണ്ടും മർദനത്തിന് ഇരയാക്കാന് കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. കൂടാതെ മർദന ദൃശ്യങ്ങൾ റീലാക്കി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസെടുക്കുയും ചെയ്തു.
പ്ലസ്വൺ കൊമേഴ്സിൽ പഠിക്കുന്ന വിദ്യാർഥികളെ യൂണിഫോം ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിലും, ഐഡി കാർഡ് ധരിച്ചില്ലെന്നും പറഞ്ഞാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. സ്കൂൾ ഗ്രൗണ്ടിലും കൊണ്ടോട്ടിയിലേക്കുള്ള ഇടവഴിയിൽ വെച്ചുമായിരുന്നു ഇവരെ പ്രതികളായ വിദ്യാർഥികൾ മർദിച്ചതെന്നാണ് പറയുന്നത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ മാസ് ബിജിഎം കയറ്റി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR