Enter your Email Address to subscribe to our newsletters

Kollam, 09 ജൂലൈ (H.S.)
കൊല്ലം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിൽ മുൻ എം.എൽ.എയും നടനുമായ മുകേഷിനെതിരെ കൊല്ലത്ത് പുതിയ വിവാദം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ജനപ്രതിനിധി ചുമതലയേറ്റിട്ടും, കൊല്ലത്തെ തന്റെ പഴയ ഓഫീസിലേക്കുള്ള വഴിയിൽ 'എം.എൽ.എ' എന്ന് രേഖപ്പെടുത്തിയ ബോർഡ് മുകേഷ് മാറ്റാത്തതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. നിലവിൽ പദവിയിലില്ലാത്ത ഒരാൾ എം.എൽ.എ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് പൊതുജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുകേഷിനെതിരെ നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് മുകേഷിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. എം.എൽ.എ എന്ന പദവി നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബോർഡ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണു സുനിൽ കൊല്ലം ജില്ലാ കളക്ടർക്കും, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും (സ്റ്റേഷൻ ഹൗസ് ഓഫീസർ) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
'അന്തസ് വേണമെടാ, അന്തസ്'; സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
വിവാദ ബോർഡിന്റെ ചിത്രങ്ങൾ സഹിതം വിഷ്ണു സുനിൽ പന്തളം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. മുകേഷ് മുൻപ് എം.എൽ.എ ആയിരുന്ന സമയത്ത്, സഹായം ചോദിച്ച് വിളിച്ച ഒരു വിദ്യാർത്ഥിയോട് ഫോണിൽ തട്ടിക്കയറിയ സംഭവം കേരളത്തിൽ വലിയ വിവാദമായിരുന്നു. അന്ന് ഫോൺ സംഭാഷണത്തിനിടെ മുകേഷ് പ്രയോഗിച്ച അന്തസ് വേണമെടാ, അന്തസ് എന്ന പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചും, അതിനെ ടാഗ്ലൈൻ ആക്കിയുമാണ് വിഷ്ണു സുനിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തോറ്റ കാര്യം മുകേഷ് മറന്നുപോയോ എന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ബോർഡുകൾ വെക്കാൻ ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിക്ക് എങ്ങനെ സാധിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ചോദിക്കുന്നു.
ബി.എൻ.എസ് പ്രകാരം കുറ്റകരം
ഔദ്യോഗിക പദവികൾ ഒഴിഞ്ഞ ശേഷവും അവ വ്യാജമായി ഉപയോഗിക്കുന്നത് പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയുടെ (BNS) വിവിധ വകുപ്പുകൾ പ്രകാരം ഗുരുതരമായ തെറ്റാണെന്ന് പരാതിയിൽ പറയുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പദവി ദുരുപയോഗം ചെയ്യാനും ബോധപൂർവ്വമായ ശ്രമം നടന്നു എന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് ഇതിനെ കാണുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ ബോർഡ് നീക്കം ചെയ്യുമോ അതോ മുൻ എം.എൽ.എ തന്നെ നേരിട്ട് ഇത് മാറ്റാൻ തയ്യാറാകുമോ എന്നാണ് കൊല്ലത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ മുകേഷിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
---------------
Hindusthan Samachar / Roshith K