കൗണ്സിലര് ആര്. സുഗതന് ഇടക്കാല ജാമ്യം; ഹൈക്കോടതി അനുവദിച്ചാല് പുറത്തിറങ്ങാം
Thiruvanathapuram, 09 ജൂലൈ (H.S.) തിരുവനന്തപുരം: കാപ്പ ചുമത്തി ജയിലില്‍ അടച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അ
BJP COUNCILLOR SUGATHAN


Thiruvanathapuram, 09 ജൂലൈ (H.S.)

തിരുവനന്തപുരം: കാപ്പ ചുമത്തി ജയിലില്‍ അടച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13 ന് വൈകിട്ട് 5 മുതല്‍ ജൂലൈ 14 രാത്രി 9 വരെ ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞക്കായാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

നെടുമങ്ങാട് കോടതിയുടെ പരിധിയിലുള്ള കേസുകള്‍ക്ക് മാത്രമാണ് ജാമ്യം ബാധകമെന്നും കാപ്പ തടങ്കലിന്മേല്‍ ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, കാപ്പ നടപടികളിലും ഇളവ് ലഭിച്ചാല്‍ മാത്രമേ പ്രതിക്ക് പുറത്തിറങ്ങാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള കാപ്പ ഉപദേശക സമിതി അനുവദിച്ചാല്‍ മാത്രമേ സുഗതന്‍ ജയില്‍ മോചിതനാകൂ. ഇതിനുള്ള നിയമനടപടികള്‍ സുഗതന്‍ ആരംഭിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ 296(b), 118(1), 110, 3(5) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് സുഗതനെതിരേ ചുമത്തിയിട്ടുള്ളത്. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക്, ഹൈക്കോടതി ഉത്തരവ് പ്രകാരം കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. 2026 ജൂലൈ 14-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതി കാപ്പ (KAAPA) നിയമപ്രകാരമുള്ള കരുതല്‍ തടങ്കലില്‍ കൂടിയായതിനാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാലും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. എന്നാല്‍, ജാമ്യാപേക്ഷ പൂര്‍ണ്ണമായി തീര്‍പ്പാക്കുന്നതിന് മുന്‍പ് പ്രത്യേക സാഹചര്യങ്ങളില്‍ ഇടക്കാല ജാമ്യം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ജനപ്രതിനിധിയായ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സത്യപ്രതിജ്ഞ ചെയ്യേണ്ടതുള്ളതിനാല്‍ അനുമതി നിഷേധിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങളെ കര്‍ശനമായ നിബന്ധനകളിലൂടെ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 2026 ജൂലൈ 13 വൈകുന്നേരം 5 മണി മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് യാത്രാസമയം ഉള്‍പ്പെടെയുള്ള ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹര്‍ജിക്കാരന്‍ ഒരു ലക്ഷം രൂപയുടെയും തുല്യ തുകയ്ക്കുള്ള മറ്റ് രണ്ട് പേരുടെ ജാമ്യത്തിലും ബോണ്ട് ഒപ്പിടേണ്ടതുണ്ട്. ജൂലൈ 14-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകേണ്ട പ്രതി 11.30-ന് മുന്‍പായി അവിടെനിന്ന് മടങ്ങണം. ഇടക്കാല ജാമ്യകാലയളവില്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കോ യാതൊരുവിധ പ്രസ്താവനകളും നല്‍കാന്‍ പാടില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമാണ് ഈ അനുമതിയെന്നും മറ്റ് യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ഈ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിബന്ധനയുണ്ട്.

ജൂലൈ 14 രാത്രി 9 മണിക്ക് മുന്‍പായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ പ്രതി തിരികെ ഹാജരാകണം. നിബന്ധനകള്‍ പാലിച്ചോ എന്ന് വ്യക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ് ചീഫും ജയില്‍ സൂപ്രണ്ടും ജൂലൈ 16-നകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ചടങ്ങുകള്‍ സമയബന്ധിതമായി നടത്താന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും ആവശ്യമായ ക്രമസമാധാനപാലനത്തിന് പൊലീസ് ചീഫും നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News