Enter your Email Address to subscribe to our newsletters

Kochi , 09 ജൂലൈ (H.S.)
കൊച്ചി: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന്റെ (CorroHealth) കൊച്ചി ഓഫീസിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഇനിയും പരിഹാരമായില്ല. മുൻകൂട്ടി യാതൊരു അറിയിപ്പുമില്ലാതെ എണ്ണൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ, ഇന്നും ജീവനക്കാരെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഓഫീസിലേക്ക് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ചുകൾ നടന്നു. ഐ.ടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ-തൊഴിലാളി സംഘടനകൾ സമരരംഗത്തേക്ക് ഇറങ്ങിയതോടെ വിഷയം കൂടുതൽ വഷളാകുകയാണ്.
അതേസമയം, കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിലൂടെ എത്രയും വേഗം പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് ഇരുവിഭാഗവും തമ്മിൽ സമവായത്തിലെത്തണമെന്നാണ് കോടതിയുടെ നിലപാട്.
രാവിലെ സാധാരണ പോലെ ജോലിയിൽ പ്രവേശിക്കാനായി ജീവനക്കാർ എത്തിയെങ്കിലും, ഇവരെ ഓഫീസിന് അകത്തേക്ക് കയറ്റേണ്ടതില്ലെന്ന കർശന നിലപാടിൽ തന്നെയാണ് കോറോ ഹെൽത്ത് മാനേജ്മെന്റ് ഉറച്ചുനിന്നത്. കമ്പനിയുടെ ഈ കടുംപിടുത്തത്തെ തുടർന്ന് ജീവനക്കാർ ഓഫീസിന് പുറത്ത് തടിച്ചുകൂടി. തുടർന്ന്, തങ്ങൾ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തു എന്ന് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ റജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ട ശേഷം ജീവനക്കാർ കമ്പനിയുടെ പാർക്കിങ് ഏരിയയിൽ തന്നെ പ്രതിഷേധവുമായി തുടർന്നു. തങ്ങളെ നിയമവിരുദ്ധമായാണ് പുറത്താക്കിയതെന്നും, ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് കാണിക്കാനുമാണ് ഒപ്പിട്ട് പാർക്കിങ്ങിൽ തുടരുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.
തൊഴിൽ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് നാളെ (വെള്ളിയാഴ്ച) നിർണായകമായ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഈ ഉന്നതതല ചർച്ചയിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പിലും ഇവർക്ക് പ്രതീക്ഷയുണ്ട്. എന്നാൽ കമ്പനി തങ്ങളുടെ മുൻ നിലപാടിൽ തന്നെ ഉറച്ചുനിന്നാൽ സമരം കൂടുതൽ ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. മുന്നറിയിപ്പില്ലാതെ ജീവനക്കാരെ തെരുവിലേക്ക് ഇറക്കിവിട്ട കോർപ്പറേറ്റ് നിലപാടിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയവർ മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / Roshith K