രാജ്യത്ത് കാലവര്ഷം ശക്തമാകുന്നു; ഡല്ഹിയില് കനത്ത മഴയും വെള്ളപ്പൊക്കവും; കേരളത്തിലും മുന്നറിയിപ്പ്
New delhi, 09 ജൂലൈ (H.S.) രാജ്യത്ത് മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു. ഡല്‍ഹിയിലും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും മഴ ശക്തമാകുന്നുണ്
Rain


New delhi, 09 ജൂലൈ (H.S.)

രാജ്യത്ത് മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു. ഡല്‍ഹിയിലും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും മഴ ശക്തമാകുന്നുണ്ട്. കേരളത്തിലും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രവചന പ്രകാരം രാജസ്ഥാന്‍, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി മണ്‍സൂണ്‍ എത്തിച്ചേരും.

ഉത്തരേന്ത്യയില്‍ വരുംദിവസങ്ങളില്‍ കാലവര്‍ഷം കനത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ വ്യാപക മഴയ്ക്കാണ് സാധ്യത കല്‍പിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും കിഴക്കന്‍ രാജസ്ഥാനിലും മഴ പരക്കെ പെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മഴക്കെടുതി ബാധിച്ച വിവിധയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാപകമായ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കാലാവസ്ഥാ രീതികളില്‍ പ്രകടമായ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വരുംദിവസങ്ങളില്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖല സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 9 മുതല്‍ ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News