Enter your Email Address to subscribe to our newsletters

Kolkota, 09 ജൂലൈ (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു കൊണ്ട് മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (TMC) അധ്യക്ഷയുമായ മമത ബാനർജി സ്വന്തം പാർട്ടി പ്രവർത്തകന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന ടി.എം.സി. പ്രതിഷേധ റാലിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കലിഘട്ടിലെ മമതയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടയിലാണ് മമത ബാനർജിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതും അടുത്തുനിന്ന അനുയായിയുടെ മുഖത്തടിച്ചതും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബരുയിപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി വിഭാഗം കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ബല്ലിഗഞ്ച് ഫാരിയിൽ നിന്നും ആരംഭിച്ച മാർച്ച് ഹാസ്ര ക്രോസിംഗിലേക്ക് നീങ്ങുന്നതിനിടെയാണ് നഗരത്തെ യുദ്ധക്കളമാക്കിയ സംഘർഷങ്ങൾ ഉടലെടുത്തത്.
റാലിയിൽ സംഘർഷം; ടി.എം.സി - ബി.ജെ.പി ഏറ്റുമുട്ടൽ
പ്രതിഷേധ മാർച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ റാലിക്ക് നേരെ ഒരു വിഭാഗം ആളുകൾ 'ചോർ ചോർ' (കള്ളൻ) വിളികളുമായി രംഗത്തെത്തുകയും ഇത് വലിയ തർക്കങ്ങൾക്ക് വഴിമാറുകയും ചെയ്തു. തുടർന്ന് ടി.എം.സി – ബി.ജെ.പി പ്രവർത്തകർ തെരുവിൽ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇരുവിഭാഗവും തമ്മിൽ കല്ലേറും കൈയാങ്കളിയും ഉണ്ടായതോടെ റാലി പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ മുട്ടയേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസിന് ലാത്തിച്ചാർജ് വരെ പ്രയോഗിക്കേണ്ടി വന്നു. സംഘർഷത്തിൽ വിദ്യാർത്ഥി-യുവജന വിഭാഗം നേതാക്കൾ ഉൾപ്പെടെ നിരവധി ടി.എം.സി പ്രവർത്തകർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട് മുൻ മുഖ്യമന്ത്രി
സംഘർഷത്തെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റ വിവരമറിഞ്ഞാണ് മമത ബാനർജി കലിഘട്ടിലെ തന്റെ വസതിക്ക് പുറത്തേക്ക് എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി വാഹനങ്ങൾ ക്രമീകരിക്കാൻ അവർ നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. വസതിക്ക് മുന്നിൽ വൻ ജനക്കൂട്ടവും പാർട്ടി പ്രവർത്തകരും തടിച്ചുകൂടിയതോടെ വലിയ രീതിയിലുള്ള ബഹളവും അരാജകത്വവുമാണ് അവിടെ ദൃശ്യമായത്.
തനിക്ക് ചുറ്റും വലിയ ജനക്കൂട്ടം തള്ളിക്കയറാൻ തുടങ്ങിയതോടെ മമത പ്രവർത്തകരെ തള്ളി മാറ്റാൻ തുടങ്ങി. ഇതിനിടയിൽ മമതയ്ക്ക് സുരക്ഷാ വലയമൊരുക്കാനും വഴിമാറ്റാനും ശ്രമിച്ചുകൊണ്ട് തൊട്ടുപിന്നിൽ നിന്ന സ്വന്തം അനുയായിയുടെ മുഖത്തടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട മമതയുടെ ഈ പ്രവർത്തി അവിടെയുണ്ടായിരുന്ന മാധ്യമങ്ങളുടെ ക്യാമറകളിൽ കൃത്യമായി പതിഞ്ഞു. തൊട്ടുപിന്നാലെ ബി.ജെ.പി നേതാക്കൾ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് മമത ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മമതയുടെ മാനസിക നില തെറ്റിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
കോടതി അനുമതിയോടെ സമാധാനപരമായി നടത്തിയ റാലി അട്ടിമറിക്കാൻ പോലീസ് ബി.ജെ.പി ഗുണ്ടകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. ബംഗാളിൽ ക്രമസമാധാനം പൂർണ്ണമായി തകർന്നു.
— മമത ബാനർജി
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ മമത ബാനർജി ശക്തമായി അപലപിച്ചു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും റാലിക്ക് സുരക്ഷയൊരുക്കാൻ പോലീസ് തയ്യാറായില്ലെന്നും, പോലീസ് ബി.ജെ.പിയുടെ ആജ്ഞാനുവർത്തികളെപ്പോലെയാണ് പെരുമാറുന്നതെന്നും മമത ആരോപിച്ചു. കേവലം രണ്ട് മാസത്തെ ബി.ജെ.പി ഭരണത്തിനുള്ളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചതായും അവർ കുറ്റപ്പെടുത്തി. അതേസമയം, അനുയായിയെ മർദ്ദിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
---------------
Hindusthan Samachar / Roshith K